Home Nationalസിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി; കുൽഗാമിൽ ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ചു

സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി; കുൽഗാമിൽ ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ചു

by news_desk1
0 comments

ജമ്മു കശ്മീർ: കുൽഗാമിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാസേനയുടെ തിരിച്ചടി. ആക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ഭീകരസംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാസേന വധിച്ചു. ഭീകരൻ ഒളിച്ചിരുന്ന ആരാധനാലയത്തിന് കേടുപാടുകൾ വരുത്താതെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയതെന്ന് സേന അറിയിച്ചു.

ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിൽ പുലർച്ചെ നാലുമണിയോടെയാണ് ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്. സുരക്ഷാസേന കണ്ടെത്തിയതോടെ ലത്തീഫ് ഭട്ട് സമീപത്തെ ആരാധനാലയത്തിൽ അഭയം തേടി. ഇവിടെനിന്ന് പുറത്തുവരാനും ആയുധങ്ങൾ താഴെവച്ച് കീഴടങ്ങാനും സേന പലതവണ ആവശ്യപ്പെട്ടെങ്കിലും ഭീകരൻ വഴങ്ങിയില്ല. തുടർന്ന് നടത്തിയ വെടിവയ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. കീഴടങ്ങാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രണ്ട് ദിവസം മുൻപ് കുൽഗാമിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും നേരിട്ട് നേതൃത്വം നൽകിയവനുമാണ് ലത്തീഫ് ഭട്ടെന്നാണ് സുരക്ഷാസേനയുടെ കണ്ടെത്തൽ. ഇയാളുടെ കൂട്ടാളിയെ കഴിഞ്ഞ ദിവസം വധിച്ചിരുന്നു.

ആക്രമണത്തിൽ പങ്കെടുത്തവരെയും ഭീകരരെ സഹായിച്ചവരെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വിന്യാസവും വർധിപ്പിച്ചു.

സംഭവത്തിൽ സേനാംഗങ്ങളെ സിആർപിഎഫ് മേധാവി അഭിനന്ദിച്ചു. കൊടുംതണുപ്പിലും ഭീകരർക്കെതിരായ നീക്കം വിജയകരമായി പൂർത്തിയാക്കിയ സേനയുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു. ‘ഓടാം, പക്ഷേ ഒളിക്കാനാവില്ല’ എന്ന സന്ദേശവുമായി ജമ്മു കശ്മീർ പൊലീസും പ്രതികരിച്ചു.

You may also like