തൃശൂർ: വനംവകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചിട്ടും പാലപ്പിള്ളിയിൽ ആക്രമണം തുടരുന്നു. കൂട്ടിൽ വീഴാതെ തൊട്ടടുത്തെത്തിയ പുലി വീണ്ടും വളർത്തുമൃഗത്തെ കൊന്നു. ചാത്തൻചിറയിൽ അബ്ദുൾ സൽമാന്റെ പശുവിനെയാണ് പുലർച്ചെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. പശുവിന്റെ ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച നാല് ദിവസത്തിനിടെ പ്രദേശത്ത് മൂന്ന് പശുക്കളെ പുലി കടിച്ചുകൊന്നതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് പുലിയെ പിടികൂടാൻ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. തെരുവുനായയെ ഇരയായി വെച്ചായിരുന്നു കൂടൊരുക്കിയത്. എന്നാൽ കൂട്ടിൽ കയറാതെ തൊട്ടടുത്തുണ്ടായിരുന്ന പശുവിനെ പുലി ആക്രമിക്കുകയായിരുന്നു.
കൂട് സ്ഥാപിച്ചിട്ടും പുലി വീണ്ടും ജനവാസമേഖലയിലെത്തി വളർത്തുമൃഗങ്ങളെ വേട്ടയാടുന്നത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. പകൽസമയത്തുപോലും പുലിയെ കാണുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികളും നാട്ടുകാരും പുറത്തിറങ്ങാൻ ഭയപ്പെടുന്നു. പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തരമായി കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
