ചെന്നൈ: അധ്യാപിക പറഞ്ഞത് അനുസരിച്ചില്ലെന്നും വികൃതി കാണിച്ചെന്നുമുള്ള കാരണത്താൽ മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർഥിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടതായി പരാതി. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. കുട്ടിയോടുള്ള ക്രൂരതയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ പൊലീസ് കേസെടുത്തു.
ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും കാരണം നിലവിളിക്കുന്നതും കാണാം. കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടത് വനിതാ അറ്റൻഡറാണെന്നും അധ്യാപിക സമീപത്തുനിന്ന് ഇതിന് സാക്ഷിയായെന്നുമാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്. കെട്ടിയ നിലയിൽ കുട്ടി താഴെ വീണതിനെ തുടർന്നാണ് കണ്ണിന് സമീപം പരിക്കേറ്റതെന്നാണ് പൊലീസിന്റെ നിഗമനം.
സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെയാണ് പിതാവ് വിവരം അന്വേഷിച്ചത്. അധ്യാപികയും വനിതാ അറ്റൻഡറും ഉപദ്രവിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് സ്കൂളിലെത്തിയ പിതാവ് ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കുട്ടി നിലവിളിക്കുമ്പോൾ മറ്റു കുട്ടികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിലുണ്ടായിരുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിതാവ് തിരുത്തുറൈപൂണ്ടി പൊലീസിൽ പരാതി നൽകി. കുട്ടികളോടുള്ള ക്രൂരത, അനാസ്ഥ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ കേസെടുത്തത്. സംഭവത്തിനു പിന്നാലെ ഇരുവരെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
