Home Keralaസൈബർ തട്ടിപ്പിൽ ഈ വർഷം നഷ്ടമായത് 420 കോടി രൂപ; പരിവാഹൻ വിവരങ്ങൾ ചോരുന്നതായി സംശയം, വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിന്

സൈബർ തട്ടിപ്പിൽ ഈ വർഷം നഷ്ടമായത് 420 കോടി രൂപ; പരിവാഹൻ വിവരങ്ങൾ ചോരുന്നതായി സംശയം, വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിന്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപയെന്ന് പൊലീസ്. പരിവാഹൻ വെബ്സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരുന്നതായും വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് തട്ടിപ്പിന് ഉപയോഗിക്കുന്നതായും സൈബർ ഓപ്പറേഷൻ ഐജി പി. പ്രകാശ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിന് പിന്നിൽ ചൈനീസ് സംഘങ്ങളുണ്ടെന്നും ഇവർക്ക് കേരളത്തിലും സഹായികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരിവാഹൻ സൈറ്റുമായി ബന്ധപ്പെട്ട ലിങ്കുകൾ വഴിയാണ് കഴിഞ്ഞ കുറച്ചുനാളായി വ്യാപകമായി തട്ടിപ്പ് നടക്കുന്നത്. ഇത്തരം സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകൾ തുറക്കരുതെന്നും അപരിചിത നമ്പറുകളിൽനിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഒ.ടി.പി, പിൻ നമ്പർ തുടങ്ങിയ വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

സൈബർ തട്ടിപ്പും ഹവാല ഇടപാടുകളും തമ്മിൽ ബന്ധമുണ്ടെന്നും ഐജി പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്റ്റോകറൻസിയാക്കി മാറ്റുകയും ഹവാല ഇടപാടുകളിലൂടെ വെളുപ്പിക്കുകയും ചെയ്യുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്.

മിക്ക തട്ടിപ്പുകളും മ്യൂൾ അക്കൗണ്ടുകൾ വഴിയാണ് നടത്തുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഇത്തരം അക്കൗണ്ടുകളിലേക്കാണ് എത്തിക്കുന്നത്. തുടർന്ന് പണം കൈമാറുന്നതിന് അക്കൗണ്ട് ഉടമകൾക്ക് കമ്മീഷൻ ലഭിക്കും. അതിനാൽ യഥാർഥ പ്രതികളെ കണ്ടെത്തുക ശ്രമകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

കോളജ് വിദ്യാർഥികളെ സ്വാധീനിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുന്നതായും ഐജി വെളിപ്പെടുത്തി. പോക്കറ്റ് മണി ലഭിക്കുമെന്ന പ്രതീക്ഷയിൽ ചില വിദ്യാർഥികൾ തട്ടിപ്പുകാർക്ക് അക്കൗണ്ടുകൾ കൈമാറുന്നുണ്ട്. കേരളത്തിലും സൈബർ തട്ടിപ്പുകാർക്കായി മ്യൂൾ അക്കൗണ്ടുകൾ തുറന്നുനൽകുന്നവരുണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമാകരുതെന്നും പി. പ്രകാശ് മുന്നറിയിപ്പ് നൽകി.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിഞ്ഞാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കണം. വൈകിയാൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. സൈബർ തട്ടിപ്പിന് പിന്നിലുള്ള എല്ലാ പ്രതികളെയും പിടികൂടുമെന്നും ഐജി വ്യക്തമാക്കി.

You may also like