കൊച്ചി: ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, മുൻകാല പ്രതികരണങ്ങളിൽ ക്ഷമാപണവുമായി പത്മജ വേണുഗോപാൽ. ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും തന്റെ നിലപാടുകൾ മൂലം മുറിവേറ്റിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നുവെന്ന് പത്മജ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നുവെന്നും അവർ വ്യക്തമാക്കി.
ഏതെങ്കിലും പദവി ലക്ഷ്യമിട്ടല്ല തന്റെ മടങ്ങിവരവിനുള്ള ആഗ്രഹം. ഒരു കോൺഗ്രസുകാരിയായി മാറുക എന്നതു മാത്രമാണ് മനസ്സിലുള്ളതെന്നും പത്മജ പറഞ്ഞു. ബി.ജെ.പി പ്രവേശനം ഒരു നിമിഷത്തെ വികാരത്തിൽ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന് രാജിവെച്ച വേളയിൽ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലായിരുന്നു. ആ തീരുമാനം കെ. കരുണാകരനെയും തന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകരെ ആഴത്തിൽ വേദനിപ്പിച്ചെന്ന തിരിച്ചറിവിലാണ് മടങ്ങിവരവിന് തയ്യാറെടുക്കുന്നതെന്നും അവർ വിശദീകരിച്ചു.
അടുത്ത മാസം പിതാവ് കെ. കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിലെത്തി ആദരമർപ്പിക്കുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും പത്മജ കുറിപ്പിൽ വ്യക്തമാക്കി.
