തിരുവനന്തപുരം: വെർച്വൽ ക്യൂവിൽ ദർശനത്തിന് ബുക്ക് ചെയ്തിട്ടും 16,000 പേർ എത്താതിരുന്നത് സംശയത്തിനിടയാക്കിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്തതിനു പിന്നിൽ ഇടപെടലുകളുണ്ടോയെന്ന് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഈ മാസം 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി ദർശനത്തിന് അവസരം നൽകാൻ വെർച്വൽ ക്യൂവിൽ സ്ലോട്ടുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി അറുപതിനായിരത്തോളം പേർ വീതം ദർശനം നടത്തി. സാധാരണക്കാർക്ക് ബുക്കിങ് ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് അധിക സ്ലോട്ടുകൾ അനുവദിക്കുന്നത്. ഒരുമിച്ച് ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ആയിരം വീതമുള്ള ഘട്ടങ്ങളായാണ് സ്ലോട്ടുകൾ തുറക്കുക. ബുക്കിങ് പൂർണമായിട്ടും 16,000 പേർ എത്താതിരുന്നതാണ് സംശയത്തിന് കാരണമായത്. എന്നാൽ ഇതിനു പിന്നിൽ വലിയ റാക്കറ്റുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കാൻ ഇത്തവണ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിരിവയ്ക്കാൻ ഡെപ്പോസിറ്റ് വാങ്ങുന്ന രീതി അവസാനിപ്പിച്ചു. ശുചിമുറികൾ സൗജന്യമാക്കി. ഓരോ പരിഷ്കാരവും നേരിട്ട് വിലയിരുത്തുന്നുണ്ട്. നാലു ദിവസത്തോളം സന്നിധാനത്ത് ചെലവഴിച്ച അദ്ദേഹം തിങ്കളാഴ്ച വീണ്ടും മല കയറുമെന്നും അറിയിച്ചു. പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി നിർദേശങ്ങൾ നൽകിയാണ് കാര്യങ്ങൾ വിലയിരുത്തുന്നതെന്നും പറഞ്ഞു.
പമ്പയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് പൊലീസിന്റെ നിർദേശപ്രകാരമാണ്. അവിടെ ബുക്കിങ് അനുവദിച്ചാൽ തിരക്ക് നിയന്ത്രിക്കാൻ പ്രയാസമുണ്ടാകും. നിലവിൽ നിലയ്ക്കൽ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 80,000 തീർഥാടകർ എത്തിയാലും സുഗമമായി ദർശനം നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എഐ ക്യാമറകളുടെ സഹായത്തോടെ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം വിപുലമായ പാർക്കിങ് സൗകര്യവും സജ്ജമാക്കി. ആറായിരം പേർക്ക് ഇരിക്കാവുന്ന പന്തലും കൂളറുകളും നിലയ്ക്കലിൽ ഒരുക്കിയിട്ടുണ്ട്. വലിയ സ്ക്രീനുകളിൽ അയ്യപ്പഭക്തിഗാനങ്ങളും സിനിമകളും പ്രദർശിപ്പിക്കും. കെഎസ്ആർടിസിയുടെയും പൊലീസിന്റെയും ഏകോപനത്തിലൂടെയാണ് തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നത്.
ദർശനത്തിനെത്തുന്ന എല്ലാവർക്കും ആവശ്യത്തിന് അരവണയും അപ്പവും ലഭിക്കുന്നുണ്ടെന്നും ജയകുമാർ പറഞ്ഞു. പ്രതിദിനം മൂന്നരലക്ഷം ടിൻ അരവണ ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ രണ്ടേകാൽ ലക്ഷത്തോളം ടിന്നുകളാണ് വിൽക്കുന്നത്. ആവശ്യത്തിന് കരുതൽശേഖരവുമുണ്ട്. നിലവിൽ 22 കൗണ്ടറുകൾ പ്രവർത്തിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് സ്ഥാപിച്ച അരവണ വെൻഡിങ് മെഷീൻ വലിയ വിജയമായതോടെ ധനലക്ഷ്മി ബാങ്കും സമാന സംവിധാനം ഒരുക്കാൻ തയ്യാറെടുക്കുകയാണ്. അടുത്ത വർഷം അരവണയുടെയും അപ്പത്തിന്റെയും 50 ശതമാനവും വെൻഡിങ് സംവിധാനത്തിലൂടെ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. തപാൽ വകുപ്പിന്റെ സഹായത്തോടെ അരവണ വീട്ടിലെത്തിക്കുന്ന സൗകര്യവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമലയെ കാർബൺ രഹിത തീർഥാടനകേന്ദ്രമാക്കാനുള്ള നടപടികളാണ് ഈ സീസണിലെ പ്രധാന നേട്ടങ്ങളിലൊന്നായി ബോർഡ് കാണുന്നത്. വഴിപാടുകൾ ഉൾപ്പെടെയുള്ളവ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയത് വിജയകരമായി. നേരത്തേ കാർബൺ പേപ്പർ ഉപയോഗിച്ച് കൈകൊണ്ട് രസീത് എഴുതിയിരുന്ന രീതിയിൽ തുക രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. ഇതോടെയാണ് പഴയ സംവിധാനം ഒഴിവാക്കാൻ തീരുമാനിച്ചത്. പണം നേരിട്ട് സ്വീകരിക്കേണ്ടിവന്നാലും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകണമെന്നാണ് നിർദേശം.
ഇ-ലേലവും മികച്ച വിജയമായെന്ന് ജയകുമാർ പറഞ്ഞു. കച്ചവട താൽപര്യത്തിന് മാത്രം പ്രാധാന്യം നൽകിയിരുന്ന സ്ഥിരം കരാറുകാരെ ഒഴിവാക്കി തീർഥാടനത്തോട് കൂടുതൽ പ്രതിബദ്ധതയുള്ളവരെ കൊണ്ടുവരാൻ കഴിഞ്ഞു. ഇ-ലേലത്തിൽ മികച്ച നിരക്ക് രേഖപ്പെടുത്തിയവർക്കാണ് കരാർ നൽകിയത്. ഭക്ഷണവിതരണത്തിൽ ലാഭം മാത്രം നോക്കരുതെന്നും ഗുണനിലവാരവും അളവും ഉറപ്പാക്കണമെന്നും കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളീയ സദ്യ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന തീർഥാടകരും ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശുചിത്വത്തിനും ഇത്തവണ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 250 ടൺ മാലിന്യമാണ് ശബരിമലയിൽനിന്ന് നീക്കം ചെയ്തത്. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന് വിവിധ ഭാഷകളിൽ ബോധവത്കരണം നടത്തുന്നുണ്ട്. വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരവിരുദ്ധമാണെന്ന് തീർഥാടകരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി ഗുരുസ്വാമിമാരുടെ സന്ദേശങ്ങൾ വലിയ എൽഇഡി സ്ക്രീനുകളിലൂടെ പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യാൻ നാൽപ്പതോളം പേരെ നിയോഗിച്ചിട്ടുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു.
