പെരിഞ്ഞനം: പെരിഞ്ഞനം പടിഞ്ഞാറ് മാളിയേക്കൽ ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. 10, 20 രൂപയുടെ നോട്ടുകളും ചില്ലറ നാണയങ്ങളും ഉപേക്ഷിച്ച മോഷ്ടാവ് ഉയർന്ന മൂല്യമുള്ള നോട്ടുകളുമായാണ് കടന്നുകളഞ്ഞത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയാണ് മോഷണവിവരം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയിലായിരുന്നു. ഭണ്ഡാരങ്ങളിലുണ്ടായിരുന്ന ചെറിയ നോട്ടുകളും ചില്ലറ നാണയങ്ങളും നിലത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
മോഷണം നടത്തുന്നതിന് മുമ്പ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളുടെ ദിശ മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. എട്ട് മാസം മുമ്പാണ് അവസാനമായി ഭണ്ഡാരങ്ങൾ തുറന്നത്. അതിനാൽ ഭണ്ഡാരങ്ങളിൽ വലിയ തുക ഉണ്ടായിരുന്നിരിക്കാമെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ് കൈപ്പമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
