Home Top Stories‘കാബിനറ്റ് തീരുമാനം മുന്നണി തീരുമാനമല്ല, രാഷ്ട്രീയ വേദി യുഡിഎഫ്’; വി.ഡി. സതീശന്റെ വാദം തള്ളി എ.എ. അസീസ്

‘കാബിനറ്റ് തീരുമാനം മുന്നണി തീരുമാനമല്ല, രാഷ്ട്രീയ വേദി യുഡിഎഫ്’; വി.ഡി. സതീശന്റെ വാദം തള്ളി എ.എ. അസീസ്

by news_desk1
0 comments

തിരുവനന്തപുരം ∙ മന്ത്രിസഭയിലെ ചർച്ചകൾ മുന്നണി തീരുമാനമായി കാണാനാകില്ലെന്നും നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും ആർഎസ്പി നേതാവ് എ.എ. അസീസ്. മന്ത്രിസഭയിൽ മുതിർന്ന യുഡിഎഫ് നേതാക്കളുണ്ടെന്നതുകൊണ്ട് അവിടെ നടക്കുന്ന ചർച്ചകൾ മുന്നണി ചർച്ചകളാകില്ലെന്ന നിലപാടിലാണ് ആർഎസ്പി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദത്തെ തള്ളിയാണ് അസീസിന്റെ പ്രതികരണം.

“കാബിനറ്റ് എടുക്കുന്ന തീരുമാനം മുന്നണി തീരുമാനമാവില്ല. മന്ത്രിമാർ തമ്മിലുള്ള സൗഹൃദ സംഭാഷണമായേ അതിനെ കാണാനാകൂ. രാഷ്ട്രീയ ചർച്ചകൾക്കുള്ള വേദി യുഡിഎഫാണ്. നയപരമായ കാര്യങ്ങൾ യോഗത്തിലാണ് ചർച്ച ചെയ്യേണ്ടത്,” അസീസ് പറഞ്ഞു.

കാബിനറ്റ് റാങ്ക് എല്ലാവർക്കും നൽകുന്നതിനോട് യോജിപ്പില്ലെന്നും എന്നാൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ അതിൽ ആർഎസ്പിക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ പുനഃസംഘടന വൈകാതെ പൂർത്തിയാക്കണം. ഇക്കാര്യങ്ങൾ ഇന്ന് തന്നെ യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും അസീസ് പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് വിലയിരുത്തേണ്ടത് മാധ്യമങ്ങളാണെന്നായിരുന്നു മറുപടി.

70 വർഷമായി രാഷ്ട്രീയ പ്രവർത്തനരംഗത്തുള്ള തനിക്ക് കാബിനറ്റ് പദവി ലഭിക്കാൻ അർഹതയുണ്ടെന്നും അസീസ് ചൂണ്ടിക്കാട്ടി. അതേസമയം, യുഡിഎഫിൽ മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനത്തിനെതിരെ സതീശൻ ഉന്നയിച്ച വാദങ്ങളെയും അദ്ദേഹം അംഗീകരിച്ചില്ല.

മന്ത്രിസഭയിൽ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, മോൻസ് ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കളുണ്ടെന്നും അതിനാൽ മന്ത്രിസഭ യുഡിഎഫിന്റെ പരിച്ഛേദമാണെന്നുമായിരുന്നു വി.ഡി. സതീശന്റെ വിശദീകരണം. എന്നാൽ മന്ത്രിസഭയിലെ ചർച്ചകൾ മന്ത്രിമാർ തമ്മിലുള്ള സൗഹൃദ സംഭാഷണമായി മാത്രമേ കാണാനാകൂവെന്നും നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള രാഷ്ട്രീയ വേദി യുഡിഎഫാണെന്നും അസീസ് വ്യക്തമാക്കി. നയപരമായ തീരുമാനങ്ങൾ എടുത്തശേഷം അവ നടപ്പാക്കാനുള്ള സംവിധാനമാണ് മന്ത്രിസഭയെന്നാണ് ആർഎസ്പിയുടെ നിലപാട്.

ഇന്നലെ എൻ.കെ. പ്രേമചന്ദ്രൻ നടത്തിയ വാർത്താസമ്മേളനത്തിനു പിന്നാലെയാണ് അസീസിന്റെ പ്രതികരണവും പുറത്തുവന്നത്. സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനം മികച്ചതാണെന്ന് പ്രേമചന്ദ്രൻ വിലയിരുത്തിയിരുന്നെങ്കിലും അസീസിൽനിന്ന് സമാനമായ പ്രതികരണമുണ്ടായില്ല.

സർക്കാർ ആറുമാസം പൂർത്തിയാക്കിയ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾ വലിയ വിവാദമായിരുന്നു. കൂടിയാലോചനയില്ലാതെയാണ് മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്ന് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മന്ത്രിമാർ വിമർശനം ഉന്നയിച്ചിരുന്നു. പി.എസ്.സി അംഗങ്ങളുടെ പട്ടികയും ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവും മന്ത്രിസഭയിൽ തർക്കങ്ങൾക്ക് വഴിവച്ചിരുന്നു.

ഇതിനിടെ നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിർണായകമാകുകയാണ്. മന്ത്രിമാർ വിമർശനം തുടരാമോ, അതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുമോ എന്നതിലാണ് രാഷ്ട്രീയ ശ്രദ്ധ.

You may also like