Home Education/Careerനഴ്സിങ്, ഫാർമസി, പാരാമെഡിക്കൽ യോഗ്യതയുണ്ടോ? ആരോഗ്യവകുപ്പിൽ 250 ഒഴിവുകൾ

നഴ്സിങ്, ഫാർമസി, പാരാമെഡിക്കൽ യോഗ്യതയുണ്ടോ? ആരോഗ്യവകുപ്പിൽ 250 ഒഴിവുകൾ

by news_desk1
0 comments

തിരുവനന്തപുരം: നഴ്സിങ്, ഫാർമസി, പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ആരോഗ്യവകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. പട്ടികവർഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ട്രൈബൽ പാരാമെഡിക്സ് ട്രെയിനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്കായി ആകെ 250 ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 5.

ഒഴിവുകളുടെ എണ്ണം

  • ബിരുദ യോഗ്യത – 150 ഒഴിവുകൾ: നഴ്സിങ്, ഫാർമസി, മറ്റ് അംഗീകൃത പാരാമെഡിക്കൽ ബിരുദങ്ങൾ നേടിയവർക്ക് അപേക്ഷിക്കാം.
  • ഡിപ്ലോമ യോഗ്യത – 100 ഒഴിവുകൾ: ജി.എൻ.എം., എ.എൻ.എം. ഉൾപ്പെടെയുള്ള അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.

യോഗ്യതാ മാനദണ്ഡങ്ങൾ

കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം അപേക്ഷകർ. സർക്കാർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് (ഡി.എം.ഇ.), സർവകലാശാലകൾ എന്നിവ അംഗീകരിച്ച നഴ്സിങ്, ഫാർമസി, പാരാമെഡിക്കൽ ബിരുദമോ ഡിപ്ലോമയോ നേടിയിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവരും ബന്ധപ്പെട്ട കൗൺസിലിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം.

നിയമനവും ശമ്പളവും

ആരോഗ്യവകുപ്പിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിലാണ് നിയമനം ലഭിക്കുക. പൂർണമായും താൽക്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

പ്രതിമാസ ഓണറേറിയം:

  • അംഗീകൃത ബിരുദ യോഗ്യതയുള്ളവർക്ക് 18,000 രൂപ.
  • അംഗീകൃത ഡിപ്ലോമ യോഗ്യതയുള്ളവർക്ക് (ജി.എൻ.എം./എ.എൻ.എം. ഉൾപ്പെടെ) 15,000 രൂപ.

അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 5.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അതത് ജില്ലകളിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് അല്ലെങ്കിൽ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

അപേക്ഷയോടൊപ്പം ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന രേഖകൾ നൽകണം. ഒരാൾക്ക് ഒരു ജില്ലയിൽ മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://stdd.kerala.gov.in/images/pdf/notification/Notification_Application_23112026.pdf

You may also like