പുനലൂർ: പോക്സോ കേസിൽ പ്രതിയായിരുന്ന യുവാവിനെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ സന്തോഷിന്റെ മകൻ അഖിൽ സന്തോഷ് (21) ആണ് മരിച്ചത്. മണിയാർ സ്വദേശി രത്നാകരന്റെ വീട്ടിലാണ് സംഭവം.
കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഏതാനും മാസങ്ങൾക്കുമുമ്പാണ് ബെംഗളൂരുവിൽ ജോലിക്ക് പോയത്. രത്നാകരന്റെ മകളുടെ മെസ്സിലാണ് അഖിലും പിതാവ് സന്തോഷും ജോലി ചെയ്തിരുന്നത്.
രത്നാകരന്റെ ബന്ധുവിന്റെ മരണത്തെത്തുടർന്ന് കുടുംബാംഗങ്ങളെ തിങ്കളാഴ്ച പുലർച്ചെ അഖിൽ കാറിൽ നാട്ടിലെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുനലൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി.
