കെയ്റോ: ഇന്ധന ടാങ്കർ മറിഞ്ഞതിനു പിന്നാലെ തീ പടർന്നുപിടിച്ച് വാഹനങ്ങൾ ഒന്നാകെ അഗ്നിക്കിരയായി. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെ പ്രധാന റിങ് റോഡിലുണ്ടായ വൻ തീപിടിത്തത്തിൽ 30 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. 21 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗിസയിലെ അൽ വറാഖ് പ്രദേശത്ത് ഒരു തുരങ്കത്തിന് മുകളിലായി ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സ്വകാര്യ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ഇന്ധന ടാങ്കറിന് മുന്നിലേക്ക് ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി കേബിൾ പൊട്ടിവീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കേബിൾ വീണതോടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. തുടർന്ന് റോഡിലെ മധ്യ ഡിവൈഡറിൽ ഇടിച്ച് ടാങ്കർ മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
ടാങ്കറിൽനിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു. കാറുകൾ, മിനിബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുൾപ്പെടെ 27 ഓളം വാഹനങ്ങൾ പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ. തീ അതിവേഗം പടർന്നതോടെ വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പൊള്ളലേറ്റവരെയും പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി ആരോഗ്യ മന്ത്രാലയം 39 ആംബുലൻസുകളാണ് അപകടസ്ഥലത്തേക്ക് അയച്ചത്. തിരിച്ചറിയാനാകാത്ത നിലയിലുള്ള മൃതദേഹങ്ങളുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ അന്വേഷണത്തിന് നേതൃത്വം നൽകുന്ന പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.
അപകടത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താഹ് അൽ സിസി അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മന്ത്രി ഖാലിദ് അബ്ദെൽ ഗഫാർ ആശുപത്രികളിലെത്തി പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി.
അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയതിനു പിന്നാലെ ബുൾഡോസറുകൾ ഉപയോഗിച്ച് കത്തിനശിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. തുടർന്ന് റിങ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
അമിതവേഗം, മോശം റോഡുകൾ, ഗതാഗത നിയമങ്ങളുടെ ലംഘനം, വാഹനങ്ങളുടെ അറ്റകുറ്റപ്പണികളിലെ വീഴ്ചകൾ എന്നിവ ഈജിപ്തിൽ റോഡപകടങ്ങൾ പതിവാകാൻ കാരണമാകുന്നുണ്ട്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2025ൽ മാത്രം രാജ്യത്ത് 5,829 പേർ റോഡപകടങ്ങളിൽ മരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 10.8 ശതമാനമാണ് വർധന.
അടുത്തിടെ ഗിസയിലുണ്ടായ ട്രെയിൻ കൂട്ടിയിടിയിൽ നാലുപേർ മരിക്കുകയും 88 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനുവരിയിൽ ബേനി സുയിഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ 21 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
