തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടകൾക്ക് പകരം ഇരുമ്പടുപ്പ് ഉപയോഗിക്കണമെന്ന നിർദേശം വിവാദമായതോടെ നിലപാട് മയപ്പെടുത്തി മേയർ വി.വി. രാജേഷ്. ഇരുമ്പടുപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയതിനു പിന്നാലെയാണ് വിഷയത്തിൽനിന്ന് മേയർ പിന്നോട്ടുപോയത്. ക്ഷേത്രത്തിലെ ആചാരപ്രകാരം തന്നെ പൊങ്കാല നടത്താമെന്നും അതിന് കോർപറേഷന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും മേയർ വ്യക്തമാക്കി.
പൊങ്കാലയ്ക്കുശേഷം ചുടുകട്ടകൾ നീക്കം ചെയ്യുന്നതിനുള്ള അധ്വാനവും ചെലവും കണക്കിലെടുത്താണ് ഇരുമ്പിൽ നിർമിച്ച അടുപ്പുകൾ ഉപയോഗിക്കണമെന്ന നിർദേശം മേയർ മുന്നോട്ടുവച്ചത്. ചുടുകട്ടകൾ പൊടിഞ്ഞുണ്ടാകുന്ന പൊടിശല്യം ഒഴിവാക്കാനും മലിനീകരണം കുറയ്ക്കാനും ഇരുമ്പടുപ്പുകൾ സഹായിക്കുമെന്നായിരുന്നു വാദം. ഉപയോഗശേഷം ഇവ ശേഖരിച്ച് അടുത്ത വർഷം വീണ്ടും ഉപയോഗിക്കാമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ ചുടുകട്ടയും മൺകലവും ഉപയോഗിച്ച് പൊങ്കാല സമർപ്പിക്കുന്നതാണ് ആചാരമെന്നും ഇരുമ്പടുപ്പ് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അതേസമയം, ഇരുമ്പടുപ്പ് ഉപയോഗത്തെ ആറ്റുകാൽ പൊങ്കാല ഉത്സവ അവലോകന യോഗത്തിൽ ശുചിത്വ മിഷൻ പ്രതിനിധി സ്വാഗതം ചെയ്തിരുന്നു.
വിവാദം ശക്തമായതോടെ ബുധനാഴ്ച വിശദീകരണവുമായി മേയർ രംഗത്തെത്തി. അവലോകന യോഗത്തിൽ ഒരു നിർദേശം മാത്രമാണ് മുന്നോട്ടുവച്ചതെന്നും മാധ്യമങ്ങൾ വിഷയം വലിയ ചർച്ചയാക്കിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷേത്രത്തിലെ ആചാരപ്രകാരം പൊങ്കാല നടത്താമെന്നും ഭക്തർ ഉപയോഗിക്കുന്ന ചുടുകട്ടകൾ കോർപറേഷൻ ശേഖരിച്ച് ലൈഫ് പദ്ധതി പ്രകാരം വീടുനിർമിക്കുന്ന ഗുണഭോക്താക്കൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും മേയർ പറഞ്ഞു.
മുൻ മേയർ വി.കെ. പ്രശാന്തിന്റെ കാലത്താണ് ചുടുകട്ടകൾ ശേഖരിച്ച് ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നൂറോളം ഗുണഭോക്താക്കൾക്ക് ചുടുകട്ടകൾ നൽകിയിരുന്നു. കഴിഞ്ഞ തവണ ചുടുകട്ടകൾ നീക്കം ചെയ്ത് വീടുനിർമാണത്തിന് അർഹരായവരിലേക്ക് എത്തിക്കാൻ 12 ലക്ഷം രൂപ ചെലവായെന്നും അവ ശേഖരിക്കാൻ രണ്ടുദിവസത്തിലേറെ സമയമെടുത്തെന്നും മേയർ ചൂണ്ടിക്കാട്ടി.
ചുടുകട്ടകൾക്കു പകരം ഇരുമ്പടുപ്പുകൾ ഉപയോഗിച്ചാൽ അവ റസിഡന്റ്സ് അസോസിയേഷനുകളോ കോർപറേഷനോ ശേഖരിച്ച് അടുത്ത പൊങ്കാലയ്ക്കായി സൂക്ഷിക്കാമെന്നും മേയർ നിർദേശിച്ചിരുന്നു. ഇക്കാര്യം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു. ഇരുമ്പുകമ്പികൾ ഉപയോഗിച്ച് നിർമിച്ച പൊങ്കാല അടുപ്പിന്റെ മാതൃകയും അവലോകന യോഗത്തിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ക്ഷേത്ര ട്രസ്റ്റിന്റെ നിലപാടും തുടർന്നുണ്ടായ വിവാദവും ഒടുവിൽ മേയറെ നിർദേശത്തിൽനിന്ന് പിന്നോട്ടടിപ്പിച്ചു.
