Home Localമരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; രക്ഷപ്പെട്ടത് ശ്വാസം അടക്കിപ്പിടിച്ച്, സ്വർണവുമായി കടന്ന മൂന്നംഗ സംഘം തൃശൂരിൽ പിടിയിൽ

മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; രക്ഷപ്പെട്ടത് ശ്വാസം അടക്കിപ്പിടിച്ച്, സ്വർണവുമായി കടന്ന മൂന്നംഗ സംഘം തൃശൂരിൽ പിടിയിൽ

by news_desk1
0 comments

കൊച്ചി: വയോധികയെ ക്രൂരമായി മർദിച്ച് കൈകാലുകൾ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഘം, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചുപോയി. എന്നാൽ ശ്വാസം അടക്കിപ്പിടിച്ച് മരണത്തെപ്പോലെ കിടന്ന കുഞ്ഞുമ്മ (69) രക്ഷപ്പെട്ടതോടെ പ്രതികൾക്ക് അധികദൂരം പോകാനായില്ല. കിഴക്കമ്പലം ചേലക്കുളം ജുമാ മസ്ജിദിന് സമീപം ഞാറ്റിൻകാല വീട്ടിൽ താമസിക്കുന്ന കുഞ്ഞുമ്മയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ മൂന്ന് അസം സ്വദേശികളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസ് പിടികൂടി. മുഫസിൽദീൻ, നൂറുജുൽ, സൈജുദ്ദീൻ എന്നിവരാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. അസമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തൃശൂർ പൊലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്. നൂറുജുൽ കൊലപാതകക്കേസിലും സൈജുദ്ദീൻ മോഷണക്കേസിലും നേരത്തെയും പ്രതികളായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കെട്ടിടനിർമാണ ജോലികൾക്കായി മുമ്പ് പ്രദേശത്തെത്തിയിരുന്ന പ്രതികൾക്ക് വീട്ടുകാരെക്കുറിച്ചും വീട്ടിൽ കുഞ്ഞുമ്മ മാത്രമേയുള്ളൂവെന്നുമുള്ള വിവരം അറിയാമായിരുന്നു. സംഭവത്തിന്റെ തലേദിവസം ഇതേ സമയത്ത് വെള്ളം കുടിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ പ്രതികൾ വെള്ളം കുടിച്ചശേഷം മടങ്ങി. അന്ന് സമീപത്തെ മറ്റൊരു വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷണം പോയിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ വീണ്ടും വീട്ടിലെത്തിയ സംഘത്തോട് തലേദിവസത്തെ ഫോൺ മോഷണത്തെക്കുറിച്ചും വീട്ടിൽ നിരീക്ഷണ ക്യാമറയുണ്ടെന്നും കുഞ്ഞുമ്മ പറഞ്ഞു. ഇതോടെ ‘കാണട്ടെടീ ആ ക്യാമറ’ എന്ന് ആക്രോശിച്ച പ്രതികൾ മൂന്നുപേരും ചേർന്ന് വയോധികയെ പിടികൂടി കട്ടിലിലേക്ക് വലിച്ചിട്ടു. തുടർന്ന് വായിൽ തോർത്ത് തിരുകുകയും മറ്റൊരു തുണികൊണ്ട് കൈകൾ കൂട്ടിക്കെട്ടുകയും ചെയ്തു.

ചുവന്ന ബനിയൻ ധരിച്ചിരുന്ന ഒന്നാം പ്രതി കുഞ്ഞുമ്മയെ അമർത്തിപ്പിടിച്ചപ്പോൾ നീല ബനിയൻ ധരിച്ച രണ്ടാം പ്രതി വളകളും മോതിരവും ഊരിയെടുത്തു. മൂന്നുപേരും ചേർന്ന് കമ്മലുകളും അഴിച്ചെടുത്തു. ശ്വാസംമുട്ടി രക്ഷപ്പെടാനാകാത്ത അവസ്ഥയിലെത്തിയ കുഞ്ഞുമ്മ, ഒടുവിൽ മരണപ്പെട്ടതുപോലെ ശ്വാസം അടക്കിപ്പിടിച്ച് അനങ്ങാതെ കിടന്നു. ഇതോടെ വയോധിക മരിച്ചെന്ന് കരുതിയ പ്രതികൾ ‘തീർന്നു, നമുക്ക് പോകാം’ എന്ന് പറഞ്ഞ് മുറികളിൽ തിരച്ചിൽ നടത്തി. അലമാരയിലുണ്ടായിരുന്ന 18,000 രൂപയും നാലു ഗ്രാം തൂക്കമുള്ള ലോക്കറ്റും ഉൾപ്പെടെ ആകെ 5.40 ലക്ഷം രൂപയുടെ സ്വർണവും പണവുമാണ് കവർന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

പ്രതികൾ കാവുങ്ങപ്പറമ്പ് ഭാഗത്തേക്ക് കടന്നതിനു പിന്നാലെ കുഞ്ഞുമ്മ സമീപത്തെ അങ്കണവാടിയിലെത്തി കെട്ടഴിച്ചു. തുടർന്ന് വെള്ളം കുടിച്ചശേഷം നാട്ടുകാരുടെ സഹായത്തോടെ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. പ്രതികൾ നടന്നുപോകുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽനിന്ന് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. അസമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽവച്ചാണ് മൂന്നുപേരും പിടിയിലായത്. പ്രതികളെ കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതടക്കമുള്ള തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.

അതേസമയം, അതിക്രമം നടന്ന വീടിന് സമീപം തമിഴ്‌നാട് സ്വദേശി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽനിന്ന് ഏതാനും ദിവസം മുമ്പ് ഒൻപത് പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും മോഷണം പോയിരുന്നു. ഈ കവർച്ചയ്ക്കു പിന്നിലും ഇതേ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.

You may also like