കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണം വൈകുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ‘നിങ്ങൾ ആരെയാണ് പേടിക്കുന്നത്? നിങ്ങളുടെ പിന്നിൽ ആരാണ്? എന്തിനാണ് അന്വേഷണത്തിൽ വിമുഖത കാട്ടുന്നത്?’ തുടങ്ങിയ ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എസ്. ശശിധരനോട് കോടതി ഉന്നയിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ഇച്ഛാശക്തിക്ക് എന്തെങ്കിലും തടസ്സം നേരിട്ടോയെന്നും കോടതി ചോദിച്ചു.
പുൽപ്പള്ളി കേസിൽ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്നും മറ്റ് നാല് കേസുകളിലെ അന്വേഷണത്തിന്റെ തൽസ്ഥിതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു. അന്വേഷണത്തിൽ എസ്ഐടി ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ കഴിവിൽ സംശയമില്ലെന്നും അതുകൊണ്ടാണ് എസ്.പി. എസ്. ശശിധരനെ തന്നെ ചുമതല ഏൽപ്പിച്ചതെന്നും കോടതി പറഞ്ഞു. അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ നൽകാനും അവരെയും കോടതിയിൽ വിളിച്ചുവരുത്തുമെന്നും നിർദേശമുണ്ട്.
നിരവധി കേസുകൾ ഒരേസമയം അന്വേഷിക്കേണ്ടിവരുന്നതിനാൽ മതിയായ സമയം ലഭിക്കുന്നില്ലെന്നായിരുന്നു എസ്.പി. എസ്. ശശിധരന്റെ വിശദീകരണം. ശബരിമല കേസുമായി ബന്ധപ്പെട്ട ഫയൽ ഒരാഴ്ചയായി പരിശോധിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, മികച്ച കുറ്റപത്രം സമർപ്പിക്കുമെന്നും എസ്ഐടിക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. ഗാലറിക്ക് വേണ്ടിയല്ല, കോടതിക്ക് വേണ്ടിയാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വാദിച്ചു. ആരാണ് ഗാലറിക്ക് വേണ്ടി നിലപാടെടുക്കുന്നതെന്ന് ഹൈക്കോടതി തിരിച്ചുചോദിച്ചു.
അതേസമയം, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
