Home Kerala‘നിയമവിരുദ്ധ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു’; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

‘നിയമവിരുദ്ധ ഫോൺ ചോർത്തലിനെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു’; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

by news_desk1
0 comments

തിരുവനന്തപുരം: നിയമവിരുദ്ധമായ ഫോൺ ചോർത്തലിനെയും നിരന്തര നിരീക്ഷണത്തെയും മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ ഇത്തരം നടപടികളെ ലാഘവത്തോടെ കാണുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരത്ത് ഭരണഘടനാ ദിനാചരണ പരിപാടിയിൽ തന്റെ ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും എല്ലാവരും നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോടാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രതിപക്ഷ നേതാക്കളുടെയും സ്വന്തം മന്ത്രിസഭാംഗങ്ങളുടെയും ഫോണുകൾ ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുമ്പോൾ, സമഗ്ര അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വിഷയത്തെ നിസാരമായി കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന ഭരണത്തലവന്റെ ഫോൺ പോലും ചോർത്തപ്പെടുന്നുണ്ടെങ്കിൽ അത് അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണവും ഫോൺ ചോർത്തലും നടക്കുന്നതെന്നും വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ നടപടിക്ക് വിധേയമാക്കണം. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

You may also like