കാബൂൾ: കുരുന്നുകളുടെ ജീവനെടുത്ത് അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്കൂൾ ദുരന്തം. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുള്ള മിഡിൽ സ്കൂളിലുണ്ടായ സ്ഫോടനത്തിൽ നിരവധി വിദ്യാർഥികൾ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കുനാറിലെ അൻഡാർ സെർ മേഖലയിലുള്ള സ്കൂളിൽ രാവിലെ പത്തുമണിയോടെയായിരുന്നു സ്ഫോടനം.
സംഭവം പ്രവിശ്യാ പൊലീസ് ആസ്ഥാനത്തെ വക്താവ് ഫരീദ് ദെഹ്ഖാൻ സ്ഥിരീകരിച്ചു. നിരവധി വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് അന്വേഷണ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, സ്ഫോടനത്തിന്റെ സ്വഭാവം, കൃത്യമായ ആളപായം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അഫ്ഗാനിസ്ഥാനിൽ സ്കൂൾ പരിസരങ്ങളിലുണ്ടാകുന്ന സ്ഫോടനങ്ങൾ വീണ്ടും ആശങ്കയാകുന്നതിനിടെയാണ് പുതിയ ദുരന്തം. നേരത്തെ കാബൂളിലെ ഒരു സ്കൂൾ സമുച്ചയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ ഒൻപതിനും പതിനാലിനും ഇടയിൽ പ്രായമുള്ള 40ലധികം കുട്ടികൾക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കുനാറിൽ വീണ്ടും വിദ്യാർഥികൾക്കുനേരെ ദുരന്തമുണ്ടായിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് നേതൃത്വത്തിലുള്ള സൈന്യം പിന്മാറുകയും താലിബാൻ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്യുന്നതിന് മാസങ്ങൾക്കുമുമ്പ്, 2021 മേയിലും കാബൂളിലെ ഒരു സ്കൂളിൽ തുടർച്ചയായി മൂന്ന് സ്ഫോടനങ്ങളുണ്ടായിരുന്നു. അന്ന് ഹസാര വിഭാഗത്തിൽപ്പെട്ട ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ക്ലാസ് മുറികളിൽനിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന പെൺകുട്ടികളായിരുന്നു കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
