Home Entertainmentസ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് ഓർമിപ്പിച്ച് ദുൽഖർ; ‘ആകാശംലോ ഒക താര’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം

സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് ഓർമിപ്പിച്ച് ദുൽഖർ; ‘ആകാശംലോ ഒക താര’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം

by news_desk1
0 comments

പ്രണയവും പ്രതീക്ഷയും വൈകാരികതയും ചേർന്നൊരു മനോഹര സിനിമാനുഭവം. സ്വപ്നങ്ങൾക്കായി പോരാടുന്നവരുടെ ഹൃദയം തൊട്ട് ദുൽഖർ സൽമാന്റെ പുതിയ ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നു.

സ്വന്തം സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കുന്നവർക്കായി ഒരു സിനിമ. ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. പ്രണയത്തിന്റെയും പ്രതീക്ഷയുടെയും വൈകാരികതയുടെയും ലോകമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിച്ച ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

സ്വന്തം സ്വപ്നങ്ങൾക്കായി സമൂഹം തീർക്കുന്ന അതിർവരമ്പുകൾ മറികടന്ന് മുന്നേറാൻ ആഗ്രഹിക്കുന്ന കൽപ്പനയുടെയും അവളുടെ യാത്രയിൽ താങ്ങും തണലുമായി കൂടെ നിൽക്കുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്. ജീവിതത്തിൽ സ്വപ്നങ്ങൾക്കുള്ള പ്രാധാന്യം, അവ നേടിയെടുക്കാനുള്ള പോരാട്ടം, സ്നേഹവും പിന്തുണയും നൽകുന്ന കരുത്ത് എന്നിവയെല്ലാം സിനിമയുടെ പ്രമേയത്തിൽ മനോഹരമായി ഇഴചേർത്തിരിക്കുന്നു.

വെറുമൊരു പ്രണയകഥ എന്നതിലുപരി പ്രതീക്ഷയും പ്രചോദനവും പകരുന്ന വൈകാരിക സിനിമാനുഭവമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്വപ്നങ്ങളെ നെഞ്ചേറ്റുന്നവർക്ക് ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന അനുഭവമാണ് സിനിമ സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

കൃഷ്ണ എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കൽപ്പനയായി എത്തിയ പുതുമുഖം സാത്വിക വീരവല്ലിയുടെ അഭിനയവും ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും വൈകാരിക മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കരുത്തുകളിലൊന്ന്. ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന രോഹിണി എന്ന കഥാപാത്രവും കഥയിൽ നിർണായക സ്വാധീനം ചെലുത്തുന്നു. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

പവൻ സാദിനേനിയുടെ മേക്കിങ് മികവും ചിത്രത്തിന്റെ ആകർഷണമാണ്. മനോഹരമായ ദൃശ്യാവിഷ്കാരത്തിനൊപ്പം ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ വൈകാരികതയ്ക്ക് കൂടുതൽ കരുത്തേകുന്നു. ദുൽഖറിന്റെയും സാത്വികയുടെയും പ്രകടനങ്ങൾ, സംഗീതം, അവതരണ മികവ് എന്നിവയ്ക്ക് പ്രേക്ഷകരിൽനിന്നും നിരൂപകരിൽനിന്നും പ്രശംസ ലഭിക്കുന്നുണ്ട്.

ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആഗോളതലത്തിൽ റിലീസ് ചെയ്ത ‘ആകാശംലോ ഒക താര’ സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കുന്നവർക്കും സ്നേഹത്തിന്റെ കരുത്തിൽ വിശ്വസിക്കുന്നവർക്കും ഒരുപോലെ ഹൃദയസ്പർശിയായ സിനിമാനുഭവമായി മാറുകയാണ്.

You may also like