പെരുമ്പാവൂർ: വാഹനത്തിന് സൈഡ് നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സ്വീറ്റോ ജോണിക്കാണ് പരുക്കേറ്റത്. കൈത്തണ്ടയിലും പുറത്തും വെട്ടേറ്റ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ ഷാഹുൽ, ആഷിക് എന്നിവരെ കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തടി കയറ്റിയ ലോറിയിലെ ജീവനക്കാരായ പ്രതികൾ മൂവാറ്റുപുഴ മുതൽ സഞ്ചരിച്ചിരുന്ന സ്വീറ്റോയ്ക്ക് സൈഡ് നൽകിയില്ലെന്നാണ് തർക്കത്തിന് കാരണമായത്. പുല്ലുവഴിയിലെത്തിയപ്പോൾ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ലോറിയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ഒരാൾ സ്വീറ്റോയെ വെട്ടുകയായിരുന്നു.
പൊലീസ് എത്തുമ്പോഴേക്കും പ്രതികൾ ലോറിയുമായി കടന്നുകളഞ്ഞു. തുടർന്ന് പിന്തുടർന്നെത്തിയ കുറുപ്പുംപടി പൊലീസ് അങ്കമാലിയിൽനിന്ന് ഇരുവരെയും പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
