കോട്ടയം: “ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ… നീ എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചിട്ടല്ലേ ഓടിവന്നത്” – റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനോട് സ്നേഹവും കരുതലും നിറഞ്ഞ വാക്കുകളുമായി ചിങ്ങവനം എസ്എച്ച്ഒ അജ്മൽ ഷാ. പൊലീസിന്റെ സമയോചിത ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി 8.15ന് ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് എഫ്എസിടി കടവിന് സമീപം താമസിക്കുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജീവനൊടുക്കാൻ പോവുകയാണെന്ന് യുവാവ് എസ്എച്ച്ഒയുടെ ഫോണിലേക്ക് സന്ദേശമയച്ചിരുന്നു. ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നതിനാൽ സന്ദേശം ശ്രദ്ധയിൽപ്പെട്ടത് രണ്ടു മണിക്കൂറിനുശേഷമാണ്.
ഭക്ഷണം കഴിക്കാനിരിക്കെയാണ് സന്ദേശം കണ്ട അജ്മൽ ഷാ ഉടൻ യുവാവിനെ ബന്ധപ്പെട്ടത്. താൻ റെയിൽവേ ട്രാക്കിലാണെന്ന് യുവാവ് അറിയിച്ചു. പിന്നാലെ എസ്ഐയും പൊലീസ് സംഘവും സ്ഥലത്തെത്തി. വിജനമായ ഭാഗത്ത് പാളത്തിന് കുറുകെ കിടക്കുകയായിരുന്ന യുവാവിനെ തന്ത്രപരമായി രക്ഷപ്പെടുത്തി.
തുടർന്ന് യുവാവിനോട് സംസാരിച്ച എസ്എച്ച്ഒ, അമ്മയും സഹോദരനും പൊലീസുകാരുമെല്ലാം സ്നേഹിക്കുന്നുണ്ടെന്നും മനുഷ്യജീവന് വിലയുണ്ടെന്നും ഓർമിപ്പിച്ചു. താൻ ഓടിയെത്തിയത് യുവാവിന് എന്തെങ്കിലും സംഭവിക്കുമെന്ന ഭയവും സ്നേഹവും കൊണ്ടാണെന്നും പറഞ്ഞു. പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ അവർക്കൊപ്പം വീട്ടിലേക്ക് അയച്ചു. കുടുംബപ്രശ്നം അടുത്ത ദിവസം സംസാരിച്ച് പരിഹരിക്കാമെന്ന് പൊലീസും ഉറപ്പുനൽകി.
