Home Keralaമയക്കുവെടി ദൗത്യം തടസ്സപ്പെട്ടു; ചക്കക്കൊമ്പൻ ജലാശയക്കരയിൽ, ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശങ്ങൾ

മയക്കുവെടി ദൗത്യം തടസ്സപ്പെട്ടു; ചക്കക്കൊമ്പൻ ജലാശയക്കരയിൽ, ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശങ്ങൾ

by news_desk1
0 comments

രാജകുമാരി: മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ചക്കക്കൊമ്പൻ ആനയിറങ്കൽ ജലാശയത്തിന്റെ കരയിൽ തുടരുന്നു. ജലാശയത്തോടു ചേർന്നുള്ള പ്രദേശം സുരക്ഷിതമാണെന്ന മട്ടിലാണ് ആനയുടെ നീക്കങ്ങളെന്ന് വനംവകുപ്പ് അധികൃതർ വിലയിരുത്തുന്നു. ഇന്നലെ രാവിലെ മുതൽ എൺപതേക്കറിനു സമീപം നിലയുറപ്പിച്ച ആന ഇടയ്ക്ക് നിന്നുകൊണ്ട് ഉറങ്ങുകയും പിന്നീട് ജലാശയക്കരയിലെ പുല്ല് തിന്നുകയും ചെയ്തു.

ചക്കക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ആനയെ മുഴുവൻ സമയവും നിരീക്ഷിക്കാൻ ദ്രുതപ്രതികരണ സേനയെ (ആർആർടി) ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനുവരി ആദ്യം ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം.

അതേസമയം, മയക്കുവെടി വയ്ക്കുന്നതിനെതിരെ ചീഫ് വൈൽഡ് ലൈഫ് വാർഡർ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. വാട്സാപ് സന്ദേശങ്ങൾക്കു പുറമെ കത്തുകളിലൂടെയും ഭീഷണിയുണ്ടായി. മൃഗസ്നേഹികളും സംഘടനകളുമാണ് സന്ദേശങ്ങൾ അയച്ചതെന്നാണ് വനംവകുപ്പിന്റെ ആരോപണം.

ചക്കക്കൊമ്പൻ ദൗത്യത്തിനായി ഇതുവരെ പത്തുലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. ഒരുതവണ മയക്കുവെടി വയ്ക്കാൻ 30,000 രൂപയാണ് ചെലവ്. മൂന്നു തവണ മയക്കുവെടി പ്രയോഗിച്ചു. വെള്ളത്തിലിറങ്ങിയ ആനയ്ക്ക് മയക്കം വിടാനുള്ള മരുന്നും നൽകി. അല്ലാത്തപക്ഷം ജീവന് അപകടമുണ്ടാകുമായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. വിവിധ വകുപ്പുകളിൽനിന്നായി 250ലേറെ ജീവനക്കാരുടെ സേവനം മൂന്നു ദിവസവും പ്രയോജനപ്പെടുത്തി. ഇവരുടെ ഭക്ഷണച്ചെലവുൾപ്പെടെ വനംവകുപ്പാണ് വഹിച്ചത്.

You may also like