Home Businessഡീ ബിയേഴ്സിൽ കൂടുതൽ ഓഹരി ലക്ഷ്യം; യുഎഇയും ഖത്തറും ഉൾപ്പെടെ നിക്ഷേപ പങ്കാളികളെ തേടി ബോട്സ്വാന

ഡീ ബിയേഴ്സിൽ കൂടുതൽ ഓഹരി ലക്ഷ്യം; യുഎഇയും ഖത്തറും ഉൾപ്പെടെ നിക്ഷേപ പങ്കാളികളെ തേടി ബോട്സ്വാന

by news_desk1
0 comments

ഗാബറോൺ: രാജ്യത്തിന്റെ പ്രധാന സാമ്പത്തിക അധാരമായ വജ്രഖനന മേഖലയിലെ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ നിക്ഷേപ പങ്കാളികളെ തേടി ആഫ്രിക്കൻ രാജ്യമായ ബോട്സ്വാന. ലോകത്തിലെ പ്രമുഖ വജ്രഖനന കമ്പനിയായ ഡീ ബിയേഴ്സിൽ ഓഹരി വിഹിതം വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യുഎഇ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുമായി ബോട്സ്വാന ചർച്ചകൾ നടത്തുന്നത്.

ഡീ ബിയേഴ്സിന്റെ മാതൃകമ്പനിയായ ആംഗ്ലോ അമേരിക്കൻ നിലവിൽ കൈവശമുള്ള 85 ശതമാനം ഓഹരികൾ വിൽക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ബോട്സ്വാന പുതിയ നിക്ഷേപകരെ തേടുന്നത്. നിലവിൽ ഡീ ബിയേഴ്സിൽ ബോട്സ്വാനയ്ക്ക് 15 ശതമാനം ഓഹരി മാത്രമാണുള്ളത്. കൂടുതൽ ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ രാജ്യത്തിന്റെ ഖനനമേഖലയിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം.

ബോട്സ്വാന പ്രസിഡന്റ് ഡുമ ബൊക്കോ ഈ വർഷം ആദ്യം ഒമാൻ ഭരണകൂടവുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. യുഎഇയും ഒമാനും ഡയമണ്ട് ഖനനമേഖലയിൽ നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവരുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഖത്തറുമായും സമാനതലത്തിലുള്ള ആശയവിനിമയങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഡയമണ്ട് ഖനനവും കയറ്റുമതിയും ബോട്സ്വാനയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അടിത്തറയാണ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 25 ശതമാനവും വജ്രമേഖലയിൽ നിന്നാണ് ലഭിക്കുന്നത്. കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തോളം സംഭാവന ചെയ്യുന്നതും ഈ മേഖലയാണ്.

ഓഹരി വിഹിത വർധനയ്ക്ക് വിവിധ നിയന്ത്രണ ഏജൻസികളുടെ അനുമതിയും മത്സര ലേല നടപടികളും ആവശ്യമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇതിനുമുമ്പ് അംഗോള, നമീബിയ തുടങ്ങിയ അയൽരാജ്യങ്ങളുമായും ബോട്സ്വാന ചർച്ചകൾ നടത്തിയിരുന്നു.

അതേസമയം, ആഫ്രിക്കയിലെ ഖനന-അടിസ്ഥാന സൗകര്യ മേഖലകളിൽ സാന്നിധ്യം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന യുഎഇക്കും ഒമാനും ഈ നിക്ഷേപം തന്ത്രപ്രധാന അവസരമായാണ് വിലയിരുത്തപ്പെടുന്നത്. സോവറിൻ വെൽത്ത് ഫണ്ടുകൾ, ലോജിസ്റ്റിക്സ് പദ്ധതികൾ, ഖനന സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലൂടെ ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ആഫ്രിക്കയിൽ നിക്ഷേപം ശക്തമാക്കിയിട്ടുണ്ട്. ബോട്സ്വാനയുടെ വജ്രസമ്പത്തും സ്ഥിരതയുള്ള നിക്ഷേപ അന്തരീക്ഷവും ഈ രാജ്യങ്ങളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

You may also like