കാലിഫോര്ണിയ: ചൈനീസ് സർക്കാരിന് വേണ്ടി അമേരിക്കയിൽ രഹസ്യമായി ചാരപ്രവർത്തനം നടത്തിയെന്ന കുറ്റസമ്മതത്തിന് പിന്നാലെ സതേൺ കാലിഫോർണിയയിലെ അർക്കേഡിയ നഗര മേയർ ഐലീൻ വാംഗ് (58) രാജിവെച്ചു. യുഎസ് സർക്കാരിനെ അറിയിക്കാതെ വിദേശ രാജ്യത്തിന്റെ ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
2020 മുതൽ 2022 വരെയുള്ള കാലയളവിൽ ചൈനീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചൈനയ്ക്ക് അനുകൂലമായ വാർത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കാൻ ഐലീൻ മുൻകൈ എടുത്തെന്നാണ് കേസ്. ഇതിനായി ‘യുഎസ് ന്യൂസ് സെന്റർ’ എന്ന വെബ്സൈറ്റ് ഇവർ ദുരുപയോഗം ചെയ്തു. ഐലീന്റെ മുൻ പ്രതിശ്രുത വരൻ യാവോനിംഗ് മൈക്ക് സൺ ഇതേ കുറ്റത്തിന് നിലവിൽ നാല് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്. ഇയാളാണ് ഐലീന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
ഏഷ്യൻ വംശജർക്ക് ഭൂരിപക്ഷമുള്ള അർക്കേഡിയ നഗരത്തിന്റെ മേയറായി 2022 നവംബറിലാണ് ഐലീൻ ചുമതലയേറ്റത്. തന്റെ വ്യക്തിജീവിതത്തിലുണ്ടായ തെറ്റായ ബന്ധങ്ങളാണ് ഇത്തരമൊരു ചതിക്കുഴിയിൽ വീഴാൻ കാരണമായതെന്ന് രാജിക്കത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ അവർ വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വിദേശ ഏജന്റായി പ്രവർത്തിച്ചെന്ന ആരോപണം അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ച് വിദേശ ശക്തികൾ അമേരിക്കൻ തദ്ദേശ ഭരണകൂടങ്ങളിൽ സ്വാധീനം ചെലുത്തുന്നത് ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്.

