Home Kerala21-ാം വയസ്സിൽ നഗരസഭാധ്യക്ഷ; ആറുമാസത്തിനകം പദവി നഷ്ടമായി, ദിയ ബിനു പുളിക്കകണ്ടത്തിന്റെ രാഷ്ട്രീയ യാത്രയിൽ നിർണായക വഴിത്തിരിവ്

21-ാം വയസ്സിൽ നഗരസഭാധ്യക്ഷ; ആറുമാസത്തിനകം പദവി നഷ്ടമായി, ദിയ ബിനു പുളിക്കകണ്ടത്തിന്റെ രാഷ്ട്രീയ യാത്രയിൽ നിർണായക വഴിത്തിരിവ്

by news_desk1
0 comments

കോട്ടയം: 21-ാം വയസ്സിൽ പാലാ നഗരസഭയുടെ അധ്യക്ഷയായി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയെന്ന നേട്ടം സ്വന്തമാക്കിയ ദിയ ബിനു പുളിക്കകണ്ടം, വെറും ആറുമാസത്തെ ഭരണത്തിന് ശേഷം അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനത്ത് നിന്ന് പുറത്തായി.

2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ദിയയുടെ രാഷ്ട്രീയ പ്രവേശനം. എംബിഎ പഠനത്തിനായി ഒരുങ്ങുന്നതിനിടെയാണ് പിതാവ് ബിനു പുളിക്കകണ്ടത്തിന്റെയും പിതൃസഹോദരൻ ബിജു പുളിക്കകണ്ടത്തിന്റെയുംൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദിയ തീരുമാനിച്ചത്. പാലാ നഗരസഭയിലെ 15-ാം വാർഡിൽ മത്സരിച്ച ദിയ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിനു പുളിക്കകണ്ടം 14-ാം വാർഡിലും ബിജു പുളിക്കകണ്ടം 13-ാം വാർഡിലും വിജയിച്ചു. ഈ മൂന്ന് വാർഡുകളിലും യുഡിഎഫ് സ്ഥാനാർഥികളെ നിർത്താതെ സ്വതന്ത്ര കൂട്ടായ്മയ്ക്ക് പിന്തുണ നൽകിയിരുന്നു.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ ദിയയുടെ വിജയം പാലാ നഗരസഭയിലെ അധികാരസമവാക്യങ്ങൾ തന്നെ മാറ്റിമറിച്ചു. 26 അംഗ നഗരസഭയിൽ എൽഡിഎഫിന് 11 സീറ്റും യുഡിഎഫിന് 10 സീറ്റും ലഭിച്ചപ്പോൾ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ നിർണായകമായി. കോൺഗ്രസ് വിമതയായ മായാ രാഹുൽ ഉൾപ്പെടെയുള്ള സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു.

യുഡിഎഫുമായുള്ള ചർച്ചകളിൽ ദിയയെ ആദ്യ ടേമിൽ നഗരസഭാധ്യക്ഷയാക്കണമെന്ന ആവശ്യം ബിനു പുളിക്കകണ്ടം മുന്നോട്ടുവെച്ചു. ഇത് അംഗീകരിച്ചതോടെയാണ് ദിയ അധ്യക്ഷ സ്ഥാനത്തെത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയെന്ന നേട്ടവും അവർ സ്വന്തമാക്കി.

എന്നാൽ ഭരണകാലം ആറുമാസം പിന്നിടുമ്പോഴേക്കും കോൺഗ്രസ് അംഗങ്ങളും ബിനു പുളിക്കകണ്ടത്തിന്റെ സ്വതന്ത്ര കൂട്ടായ്മയും തമ്മിൽ ഭിന്നത രൂക്ഷമായി. കോൺഗ്രസ് അംഗങ്ങൾ തന്നെ അധ്യക്ഷയ്ക്കെതിരെ രംഗത്തെത്തിയതോടെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പാർട്ടി വിപ്പ് ലംഘിച്ച് ചില കോൺഗ്രസ് അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചതോടെ അവിശ്വാസം പാസാവുകയും ദിയ ബിനു അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താകുകയും ചെയ്തു.

പാലാ രാഷ്ട്രീയത്തിലെ ബിനു പുളിക്കകണ്ടത്തിന്റെ സ്വാധീനം

പല പാർട്ടികളിലൂടെ പാലാ നഗരസഭയിൽ സാന്നിധ്യം ഉറപ്പിച്ച നേതാവാണ് ബിനു പുളിക്കകണ്ടം. കോൺഗ്രസ് അംഗമായും സ്വതന്ത്രനായും ബിജെപി സ്ഥാനാർഥിയായും പിന്നീട് സിപിഎം സ്ഥാനാർഥിയായും അദ്ദേഹം വിജയിച്ചിട്ടുണ്ട്.

2020-ൽ സിപിഎം സ്ഥാനാർഥിയായി വിജയിച്ചെങ്കിലും ചെയർമാൻ പദവി ലഭിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണിക്കെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. തുടർന്ന് എയർപോഡ് മോഷണക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പിന്നാലെ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു.

ഇതിന് ശേഷമാണ് 2025-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും മകൾ ദിയയെയും സഹോദരൻ ബിജുവിനെയും വിജയിപ്പിച്ച് പാലാ നഗരസഭയിലെ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക ശക്തിയായി മാറുകയും ചെയ്തത്. എന്നാൽ അതേ രാഷ്ട്രീയ സമവാക്യങ്ങളാണ് ഒടുവിൽ ദിയയുടെ അധ്യക്ഷസ്ഥാനം നഷ്ടപ്പെടാനും വഴിവെച്ചത്.

You may also like