Home Keralaവാരാന്തപ്പതിപ്പ് വിവാദം: കെ.ആർ. അജയന് ചുമതല നഷ്ടം; വിശദീകരണം തൃപ്തികരമല്ലെന്ന് മാനേജ്മെന്റ്

വാരാന്തപ്പതിപ്പ് വിവാദം: കെ.ആർ. അജയന് ചുമതല നഷ്ടം; വിശദീകരണം തൃപ്തികരമല്ലെന്ന് മാനേജ്മെന്റ്

by news_desk1
0 comments

തിരുവനന്തപുരം: വാരാന്തപ്പതിപ്പ് വിവാദവുമായി ബന്ധപ്പെട്ട് കെ.ആർ. അജയനെതിരെ നടപടി. വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റി. ടി. ചന്ദ്രമോഹനാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്. കെ.ആർ. അജയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് മാനേജ്മെന്റിന്റെ നടപടി.

വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നത് വലിയ വിവാദമായതിനെ തുടർന്ന് കെ.ആർ. അജയനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പാർട്ടി അദ്ദേഹത്തിന് വിശദീകരണ നോട്ടീസ് നൽകിയിരുന്നു.

തന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നായിരുന്നു കെ.ആർ. അജയൻ നൽകിയ മറുപടി. എന്നാൽ ആ വിശദീകരണം തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ. വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തായതിൽ അജയന് പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഓഫീസ് കമ്പ്യൂട്ടറുകൾ ഉൾപ്പെടെ പരിശോധിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

‘കള്ളൻ വിജയൻ’ എന്ന ഫീച്ചർ ഒഴിവാക്കണമെന്ന് സോഫ്റ്റ് കോപ്പി കണ്ട ഘട്ടത്തിൽ തന്നെ നിർദേശം നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ ഫീച്ചർ പ്രസിദ്ധീകരിക്കണമെന്നും അതിൽ പാർട്ടി വിരുദ്ധമായ ഒന്നുമില്ലെന്നുമായിരുന്നു അജയന്റെ നിലപാട്. ഈ തർക്കം നിലനിന്നതോടെയാണ് പകരം ഉള്ളടക്കം ഉൾപ്പെടുത്തി വാരാന്തപ്പതിപ്പ് പുറത്തിറക്കാൻ കഴിയാതിരുന്നതെന്നാണ് വിവരം.

ഈ സാഹചര്യത്തിലാണ് ഫീച്ചറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിൽ അജയന് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നത്.

ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കപ്പെടാതിരുന്നതോടെയാണ് വിവാദം ആരംഭിച്ചത്. വി.എസ്. അനുസ്മരണവുമായി ബന്ധപ്പെട്ട ലേഖനം ഉൾപ്പെട്ട പതിപ്പാണ് പുറത്തിറങ്ങാതിരുന്നതെന്ന വിവരം വിവാദം ശക്തമാക്കി. തുടർന്ന് ‘കള്ളൻ വിജയൻ’ എന്ന ലേഖനമാണ് പതിപ്പ് തടയാൻ കാരണമായതെന്ന തരത്തിലുള്ള അനൗദ്യോഗിക വിശദീകരണവും പുറത്തുവന്നിരുന്നു.

വിവാദവുമായി ബന്ധപ്പെട്ട് റസിഡന്റ് എഡിറ്റർ എം. സ്വരാജ് നൽകിയ വിശദീകരണത്തിനെതിരെ പിന്നീട് കൂടുതൽ വിവരങ്ങളും പുറത്തുവന്നു. സാങ്കേതിക പ്രശ്നം മൂലമാണ് പതിപ്പ് അച്ചടിക്കാത്തതെന്നും, ‘കള്ളൻ വിജയൻ’ എന്ന പേരിൽ ലേഖനം ഇല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

എന്നാൽ ഈ അവകാശവാദത്തിനെതിരെ നാടക പ്രവർത്തകൻ വിജയൻ രംഗത്തെത്തി. ഫീച്ചറിനായി സ്ഥാപനത്തിൽ നിന്നുള്ള രണ്ട് പേർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. തുടർന്ന് ലേഖനത്തിന്റെ പൂർണരൂപം ലേഖകൻ ടി.സി. രാജേഷ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

You may also like