തൃശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് കഴിഞ്ഞദിവസം രാത്രി കുത്തേറ്റ് മരിച്ചത്. കയ്പമംഗലം, മതിലകം, കാട്ടൂർ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ അനൂപ് വലിയ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി.
അനീഷും അനൂപും ഉൾപ്പെടെയുള്ള അഞ്ചംഗ സുഹൃത്തുക്കൾ അയ്യൻപടിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. മദ്യപാനത്തിന് ശേഷം പുറത്തിറങ്ങിയ അനീഷും അനൂപും തമ്മിൽ രാത്രി എട്ടുമണിയോടെ വാക്കുതർക്കമുണ്ടായി. ഈ തർക്കത്തിന്റെ വൈരാഗ്യത്തിൽ അനൂപ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്റെ വയറ്റിൽ മാരകമായി കുത്തുകയായിരുന്നു. കുത്തേറ്റ അനീഷിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് തന്ത്രപരമായി രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യൻപടി ഉന്നതിയിലെ ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് തൃശൂർ റൂറൽ പോലീസ് സംഘം വളഞ്ഞ് പിടികൂടിയത്. കയ്പമംഗലം എസ്.എച്ച്.ഒ ബിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

