ഒടിടി സ്ട്രീമിംഗുകളും പാൻ-ഇന്ത്യൻ റിലീസുകളും സജീവമായതോടെ മലയാള സിനിമകളുടെ ഖ്യാതി ആഗോളതലത്തിലേക്ക് ഉയരുകയാണ്. അനുരാഗ് കശ്യപ്, കരൺ ജോഹർ തുടങ്ങിയ പ്രമുഖ സിനിമാപ്രവർത്തകർ പലപ്പോഴും മലയാള ചിത്രങ്ങളെ പ്രശംസിക്കാറുള്ളത് വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ, സിനിമാ ലോകത്തിന് പുറത്തുനിന്നും മലയാളത്തിന്റെ ഒരു പ്രിയ ചിത്രത്തെ തേടി അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള പ്രശംസ എത്തിയിരിക്കുകയാണ്. വിഖ്യാത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറാണ് മലയാളത്തിന്റെ ദൃശ്യവിസ്മയമായ ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രത്തെ പരസ്യമായി പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ബോർഗസ് ആൻഡ്രേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കപ്പെട്ട കിഷ്‌കിന്ധാകാണ്ഡത്തെ കുറിച്ചുള്ള വിശകലന വീഡിയോ ഡേവിഡ് വാർണർ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ റീ-ഷെയർ ചെയ്യുകയായിരുന്നു. ആഗോളതലത്തിൽ തരംഗമായ ചിത്രത്തിന്റെ പ്രമേയ മികവാണ് വാർണറെയും ആകർഷിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കിഷ്‌കിന്ധാകാണ്ഡം തിയേറ്ററുകളിലും ഒടിടിയിലും ഒരുപോലെ തരംഗം സൃഷ്ടിച്ച ചിത്രമാണ്. ബാഹുൽ രമേശ് തിരക്കഥയൊരുക്കിയ ഈ സസ്‌പെൻസ് ഡ്രാമയ്ക്ക് മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് ലഭിച്ചത്. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. ആസിഫ് അലിയെ കൂടാതെ മുതിർന്ന നടൻ വിജയരാഘവന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ഈ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒന്നിച്ച ‘എക്കോ’ എന്ന ചിത്രവും തിയേറ്ററുകളിൽ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. സന്ദീപ് പ്രദീപ് നായകനായ ഈ ചിത്രവും ശ്രദ്ധേയമായ ചർച്ചകൾക്കാണ് വഴിതുറന്നത്. മലയാള സിനിമയുടെ ഉള്ളടക്ക മികവ് ഇപ്പോൾ കായിക ലോകത്തെ പ്രമുഖരെപ്പോലും ആകർഷിക്കുന്നു എന്നതിന്റെ തെളിവാണ് വാർണറുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി.

