തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗ്യാനേഷ് കുമാർ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ജിജി തോംസണോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് നേരത്തെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവാണെന്ന് സതീശൻ പറഞ്ഞു.
ഗ്യാനേഷ് കുമാർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും തകർത്തുവെന്നും സതീശൻ ആരോപിച്ചു. രാജ്യത്തെ പരമപ്രധാനമായ ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന അദ്ദേഹം ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും സതീശൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രവും സുതാര്യവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണെന്നും അതിന്റെ വിശ്വാസ്യതയെ ഗ്യാനേഷ് കുമാർ അട്ടിമറിച്ചെന്നും സതീശൻ ആരോപിച്ചു. ഗ്യാനേഷ് കുമാർ ബിജെപിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേരത്തെയുള്ള ആരോപണങ്ങൾ ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞതായും സതീശൻ പറഞ്ഞു.
2016ൽ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാമോയെന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നും വിജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞെന്നും ജിജി തോംസൺ വെളിപ്പെടുത്തിയിരുന്നു. താൻ നിർദേശം നിരസിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
