വാഷിങ്ടണ്‍: ഇറാനുമായി സമാധാന കരാറിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം ഇറാന് തള്ളി. സമാധാന കരാറില്‍ ഇതുവരെ ഒരു ധാരണയിലും എത്തിയിട്ടില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസ്-ഇറാന് കരാറിന് പ്രാദേശിക രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചുവെന്നും സമാധാന ധാരണയിലെത്തിയെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.
ഇറാനെതിരെ ആക്രമണം നടത്തില്ലെന്നും ഇറാനും അറബ് രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ ആക്രമണ പദ്ധതി ഒഴിവാക്കിയെന്നും ട്രംപ് പറഞ്ഞിരുന്നു. സമാധാന കരാര്‍ ഒപ്പിടുന്ന സ്ഥലവും സമയവും ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
സെനറ്റ് സ്ഥാനാര്‍ത്ഥി ബാരി മൂറിന്റെ ടെലി റാലിയിലും ഇറാനെതിരായ ആക്രമണം അവസാനിപ്പിച്ചുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. ആണവായുധം നിര്‍മിക്കില്ലെന്ന് ഇറാന് സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.
ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പില്‍ നിന്ന് പെട്ടെന്നാണ് ട്രംപ് പിന്മാറുകയും ഈ വാരാന്ത്യത്തോടെ സമാധാന കരാര്‍ ഒപ്പിടുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്തത്. എന്നാല്‍ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. കരാറിന്റെ ഏകദേശ അന്തിമരൂപം തയ്യാറായെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമം വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ പ്രധാന എണ്ണ ഹബ്ബായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു. ഭീഷണിയെ തുടര്‍ന്ന് ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നിന്ന് നിരവധി ആളുകള്‍ സുരക്ഷിത മേഖലകളിലേക്ക് മാറിയതായും കാസ്പിയന്‍ കടല്‍ത്തീരത്തേക്കുള്ള വഴികളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് സമാധാന കരാറിലെത്തിയെന്ന ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്.

