ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്താൻ നിയോഗിച്ച ഡിഎംകെ പാർട്ടി സമിതികൾ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ ധാർഷ്ട്യം, പാർട്ടിയിലെ വിഭാഗീയത, താഴെത്തട്ടിലെ പ്രവർത്തകരെ അവഗണിച്ചുള്ള തീരുമാനങ്ങൾ എന്നിവയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ജനങ്ങളിൽ നിന്നും സ്വന്തം പാർട്ടി അണികളിൽ നിന്നും ഡിഎംകെ അകന്നുപോയതാണ് വലിയ തിരിച്ചടിക്ക് കാരണമായതെന്ന് സമിതികൾ വിലയിരുത്തുന്നു. ജില്ലാ സെക്രട്ടറിമാർ ഏകാധിപതികളെപ്പോലെ പ്രവർത്തിച്ചെന്നും സാധാരണ പ്രവർത്തകരുടെ അഭിപ്രായങ്ങൾ പൂർണമായും അവഗണിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അണികൾക്ക് പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കാത്ത സാഹചര്യം ആത്മാർത്ഥമായ പ്രവർത്തനത്തെ ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന രാഷ്ട്രീയ നേതാക്കൾക്ക് പകരം സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതും തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ പ്രൊഫഷണൽ ഏജൻസികളെ അമിതമായി ആശ്രയിച്ചതും പാർട്ടിക്ക് തിരിച്ചടിയായി.
ഡിഎംകെ നിയോഗിച്ച വിവിധ തെരഞ്ഞെടുപ്പ് ഏജൻസികൾ പരസ്പരവിരുദ്ധമായ നിർദേശങ്ങളാണ് നൽകിയതെന്നും ഇത് വ്യക്തമായ തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുന്നതിൽ തടസ്സമായെന്നും റിപ്പോർട്ട് പറയുന്നു. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന് ജനപിന്തുണ വർധിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് പാർട്ടി വൃത്തങ്ങൾ നൽകിയിരുന്നെങ്കിലും നേതൃത്വം അത് ഗൗരവമായി പരിഗണിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുന്നണിയിലെ സഖ്യകക്ഷികൾക്കിടയിലെ അസ്വാരസ്യങ്ങളും നിസ്സഹകരണവും വോട്ടുചോർച്ചയ്ക്കും കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിനും കാരണമായതായും റിപ്പോർട്ട് വിലയിരുത്തുന്നു.

