Home Internationalഖമനയിയുടെ സംസ്കാരത്തിന് ഇറാൻ ഒരുങ്ങുന്നു; വിപുലമായ ചടങ്ങുകൾക്കായി പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു

ഖമനയിയുടെ സംസ്കാരത്തിന് ഇറാൻ ഒരുങ്ങുന്നു; വിപുലമായ ചടങ്ങുകൾക്കായി പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു

by news_desk1
0 comments

തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ ഇറാൻ ഭരണകൂടം ഔദ്യോഗികമായി ആരംഭിച്ചു. ചടങ്ങുകളുടെ ഏകോപനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും വേണ്ടി പ്രത്യേക ദൗത്യസംഘം രൂപീകരിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കാനാണ് ഇറാന്റെ നീക്കം.

മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ പരമോന്നത നേതൃസ്ഥാനത്ത് പ്രവർത്തിച്ച ഖമനയി ഫെബ്രുവരി 28-ന് നടന്ന അമേരിക്കൻ-ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് ഇറാൻ ആരോപിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ സംസ്കാരച്ചടങ്ങുകൾ ഉടൻ നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ മേഖലയിലെ യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ചടങ്ങുകൾ പലതവണ മാറ്റിവെക്കുകയായിരുന്നു.

ഏപ്രിലിൽ സംസ്കാരം നടത്താനുള്ള ആലോചന ഉണ്ടായിരുന്നെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായതോടെ തീരുമാനം വീണ്ടും നീണ്ടുപോയിരുന്നു. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ വെല്ലുവിളികൾ മറികടക്കാൻ കൂടുതൽ സമയം ആവശ്യമായിരുന്നുവെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ വിശദീകരണം.

ഖമനയിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ മുൻപ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണഭീഷണിയും വൻജനക്കൂട്ടം ഒരുമിക്കുന്ന ചടങ്ങുകളിൽ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ചാണ് സംസ്കാരം നീട്ടിയതെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.

മാർച്ചിലും സംസ്കാരച്ചടങ്ങുകൾ നടത്താനുള്ള പ്രാഥമിക ചർച്ചകൾ നടന്നിരുന്നുവെങ്കിലും സൈനിക സംഘർഷങ്ങൾ ശക്തമായതോടെ ആ പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് ചടങ്ങുകൾ മുന്നോട്ടുകൊണ്ടുപോകാൻ ഇറാൻ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ രാഷ്ട്രീയ-മത ചരിത്രത്തിലെ ഏറ്റവും നിർണായക സംഭവങ്ങളിലൊന്നായി ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ മാറുമെന്നാണ് വിലയിരുത്തൽ. ചടങ്ങുകളുടെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു.

You may also like