കോഴിക്കോട്: കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറംതോട് സ്വദേശി അഭിജിത്താണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 5.45ഓടെയാണ് താഴെ കൂടരഞ്ഞിയിൽ അപകടമുണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിർദിശയിൽ വന്ന ആൾട്ടോ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പൂവാറംതോട്ടിൽ നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന അഭിജിത്തിന്റെ ബൈക്ക്, മുക്കം ഭാഗത്ത് നിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്ന കാറിന്റെ മുൻവശത്ത് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന സഹയാത്രികനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
