Home Keralaകെഎസ്ആർടിസി ബസ് വാങ്ങൽ തട്ടിപ്പ് ആരോപണം; എൽഡിഎഫ് സർക്കാരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ബസ് വാങ്ങൽ തട്ടിപ്പ് ആരോപണം; എൽഡിഎഫ് സർക്കാരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് കെ ബി ഗണേഷ് കുമാർ

by news_desk1
0 comments

കൊട്ടാരക്കര: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ എൽഡിഎഫ് സർക്കാരിന് കളങ്കം വരുത്താനുള്ള ശ്രമമാണെന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖ എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, രേഖ ചമച്ച് നൽകിയ ഉദ്യോഗസ്ഥൻ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും, ആവശ്യമെങ്കിൽ സിബിഐ അന്വേഷണം വന്നാലും അതിനെ പിന്തുണയ്ക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. വിഷയത്തെ പ്രചരിപ്പിക്കാൻ ചില ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെഎസ്ആർടിസി ബസുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഡയറക്ടർ ബോർഡിന്റെ തീരുമാനപ്രകാരമാണെന്നും, ടെൻഡർ നടപടികൾ പാലിക്കാതെയോ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചോ കൂടിയ വിലയ്ക്ക് വാഹനങ്ങൾ വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്കും ഈ വിഷയത്തിൽ അന്വേഷണം നടത്താൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

താൻ വാഹനം വാങ്ങിയത് വായ്പ എടുത്താണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നല്ല തീരുമാനമാണെന്നും, പെൺകുട്ടികൾക്ക് പുറമേ ആൺകുട്ടികളായ വിദ്യാർത്ഥികൾക്കും യാത്ര സൗജന്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓർഡിനറി ബസുകൾ ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നതായുള്ള വാർത്തകളിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ ആരോഗ്യമന്ത്രി കെ മുരളീധരനെ ഗണേഷ് കുമാർ പിന്തുണച്ചു. ഡോ. റീന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥയാണെന്ന് തനിക്ക് നേരിട്ട് അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

You may also like