തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഡിഎച്ച്എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാലാണ് സ്ഥലംമാറ്റമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിനാലാണ് മാറ്റമെന്നായിരുന്നു ആദ്യ ഉത്തരവിലെ പരാമർശം. ഇതിനെതിരെ ഡോ. റീന ഉൾപ്പെടെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ആരോഗ്യവകുപ്പിന്റെ നടപടി ഞെട്ടിച്ചുവെന്നും, താൻ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ടര ദിവസത്തെ അവധിക്കാണ് അപേക്ഷിച്ചതെന്നും ഡോ. റീന വിശദീകരിച്ചിരുന്നു. വർഷങ്ങളായുള്ള സർവീസിന് ശേഷം വിരമിക്കുന്ന ഒരാളെ തെറ്റായി ചിത്രീകരിക്കരുതെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
ഡോ. റീനക്കെതിരായ നടപടി വകുപ്പിൽ തുരപ്പൻ പണി കാണിച്ചതിനെ തുടർന്നാണെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിപ പരിശോധനാ ഫലം ഉച്ചയ്ക്ക് ലഭിച്ചിട്ടും ഡിഎച്ച്എസ് വിവരം അറിയിച്ചില്ലെന്നാണ് മന്ത്രിയുടെ ആരോപണം.
വൈകിട്ട് 5.30ന് വാർത്താസമ്മേളനം നടത്തിയപ്പോൾ തനിക്ക് പരിശോധനാഫലം ലഭിച്ചിരുന്നില്ലെന്നും, ഡിഎച്ച്എസിന് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ ഫലം ലഭിച്ച വിവരം അറിയാമായിരുന്നുവെന്നും പിന്നീട് വൈകിട്ട് ആറുമണിയോടെയാണ് വിവരം അറിയിച്ചതെന്നും മന്ത്രി ആരോപിച്ചു.
ഡിഎച്ച്എസ് സർക്കാരുമായി പൂർണമായി സഹകരിക്കുന്നില്ലെന്നും വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നുണ്ടെന്നും മന്ത്രി വിമർശിച്ചു. ഇത്തരം സാഹചര്യത്തിലാണ് ഡോ. റീനയെ മാറ്റിയതെന്നും, ആവശ്യമെങ്കിൽ ഇത്തരത്തിലുള്ളവർക്കെതിരെ തുടർന്നും നടപടി സ്വീകരിക്കുമെന്നും ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

