Home Nationalസൂചികൊണ്ട് കവറിൽ ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പി ക്യാമറയിൽ ചോദ്യങ്ങൾ പകർത്തി; പ്രൊഫസർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

സൂചികൊണ്ട് കവറിൽ ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പി ക്യാമറയിൽ ചോദ്യങ്ങൾ പകർത്തി; പ്രൊഫസർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

by news_desk1
0 comments

റായ്പൂർ: ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിലെ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ പ്രൊഫസർ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സീൽ ചെയ്ത കവറിൽ സൂചി ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പർ പകർത്തി വിദ്യാർഥികൾക്ക് 11,000 രൂപയ്ക്ക് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ രണ്ട് പേർ ഒളിവിലാണ്.

ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളജിലെ പ്രൊഫസർ യോഗേഷ് സോൻകേസരിയയാണ് സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒരു വർഷമായി സർവകലാശാലയിൽനിന്ന് ചോദ്യപ്പേപ്പറുകൾ എത്തിക്കുകയും ഉത്തരക്കടലാസുകൾ സമർപ്പിക്കുകയും ചെയ്തിരുന്നത് ഇയാളായിരുന്നു.

ഓഗസ്റ്റ് 17ന് ബി.എസ്‌സി രണ്ടാം വർഷ എൻഡമോളജി പരീക്ഷയുടെ ചോദ്യപ്പേപ്പർ അടങ്ങിയ സീൽ ചെയ്ത കവർ പ്രൊഫസർ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ഔദ്യോഗിക സീൽ പൊട്ടിക്കാതെ കവറിൽ ചെറിയ ദ്വാരമുണ്ടാക്കി എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. പിന്നീട് ചോദ്യങ്ങൾ വിദ്യാർഥികൾക്ക് 11,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു.

ചോദ്യപ്പേപ്പർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ സർവകലാശാല പരീക്ഷ റദ്ദാക്കി അന്വേഷണം പ്രഖ്യാപിച്ചു. പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളിലാണ് പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ ഡിജിറ്റൽ തെളിവുകൾ പിന്തുടർന്നാണ് നൂറോളം പൊലീസുകാരടങ്ങിയ സംഘം പ്രതികളെ പിടികൂടിയത്. കേസിൽ രണ്ട് പേർക്കായി അന്വേഷണം തുടരുകയാണ്.

You may also like