പാകിസ്താൻ ക്രിക്കറ്റ് താരമായ മുഹമ്മദ് നവാസിനെതിരായ ഉത്തേജകമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
2026 ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലും നടന്ന ടി20 ലോകകപ്പിനിടെ ശേഖരിച്ച സാംപിളുകളിൽ നിരോധിത ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് താരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണഫലം ഉടൻ ഐസിസിയെ അറിയിക്കുമെന്ന് പിസിബി വ്യക്തമാക്കി.
ലോകകപ്പിൽ പാകിസ്താൻ കളിച്ച എല്ലാ മത്സരങ്ങളിലും നവാസ് ടീമിലുണ്ടായിരുന്നു. 32 കാരനായ താരം 98 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റിൽ സറേ ടീമിനായി കളിക്കാൻ കരാറിലെത്തിയിരുന്നുവെങ്കിലും പരിശോധനാഫലം പുറത്തുവന്നതോടെ കരാർ റദ്ദാക്കി.
അതേസമയം, അന്വേഷണം പുരോഗമിക്കുമ്പോഴും പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിനായി താരം കളത്തിലിറങ്ങുകയാണ്. കുറ്റം തെളിഞ്ഞാൽ ഐസിസിയുടെ കർശന ശിക്ഷയും ദീർഘകാല വിലക്കും നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.

