Home Keralaപൊലീസ് സംഘടനാ പുനഃക്രമീകരണത്തിന് ഹൈക്കോടതി തടയിട്ടു; അഡ്‌ഹോക് കമ്മിറ്റിക്കും വിലക്ക്

പൊലീസ് സംഘടനാ പുനഃക്രമീകരണത്തിന് ഹൈക്കോടതി തടയിട്ടു; അഡ്‌ഹോക് കമ്മിറ്റിക്കും വിലക്ക്

by news_desk1
0 comments

കൊച്ചി: കേരള പൊലീസ് സംഘടനകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. പുനഃക്രമീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിക്കും പ്രവർത്തിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേരള പൊലീസ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘടന രൂപീകരിക്കാനും അതിന്റെ പ്രവർത്തനങ്ങളിൽ തുടരാനും അവകാശമുണ്ടെന്നാണ് ഹർജിക്കാർ വാദിച്ചത്. സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(സി) ഉറപ്പുനൽകുന്ന സംഘടനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.

പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനും നിലവിലുള്ള ഘടനയിൽ മാറ്റം വരുത്താനും സർക്കാരിന് അധികാരമില്ലെന്നും ഹർജിക്കാർ വാദിച്ചു. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സംഘടനകളുമായി ആവശ്യമായ കൂടിയാലോചന നടത്തിയില്ലെന്നും സംഘടനകളുടെ ബൈലോ വ്യവസ്ഥകൾ പാലിച്ചില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ ഘടനയിൽ മാറ്റം വരുത്തുന്നതായിരുന്നു ജൂലൈ 27ലെ സർക്കാർ ഉത്തരവ്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതാക്കി അതിലെ അംഗങ്ങളെയും ആസ്തികളെയും മറ്റ് സംഘടനകളിലേക്ക് മാറ്റാനും പുതിയ ഭരണസമിതികൾ രൂപീകരിക്കാനും ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇതിനായി അഡ്‌ഹോക് കമ്മിറ്റികളും രൂപീകരിച്ചിരുന്നു.

അതേസമയം, പൊലീസ് സംഘടനാ പുനഃക്രമീകരണത്തെ അനുകൂലിച്ച് അഡ്‌ഹോക് കമ്മിറ്റി അംഗം ജി.ആർ. അജിത് നൽകിയ ഹർജി ഡിവിഷൻ ബെഞ്ചിന് മുന്നിലെത്തിയിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ ഉടൻ ഇടപെടാൻ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. തുടർന്ന് സിംഗിൾ ബെഞ്ചിന്റെ സ്റ്റേ തുടരുകയായിരുന്നു.

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ ഹൈക്കോടതിയിൽ തുടരുകയാണ്.

You may also like