തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റാൻ തീരുമാനം. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രധാന കേസുകളുടെ അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റായ ജില്ലാ ക്രൈം ബ്രാഞ്ച് ഇനി ‘ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്’ എന്ന പേരിൽ അറിയപ്പെടും. ജില്ലാ ക്രൈം ബ്രാഞ്ചുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പേരുമാറ്റത്തിനൊപ്പം കൂടുതൽ ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഉന്നതതല യോഗത്തിലാണ് പേരുമാറ്റം ചർച്ച ചെയ്തത്. ജില്ലാ ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്, ജില്ലാ ക്രൈം ഇൻവെസ്റ്റിഗേഷൻ വിങ് എന്നീ പേരുകളാണ് എ.ഡി.ജി.പി. തല യോഗത്തിൽ പരിഗണിച്ചത്.
തുടർന്ന് ‘ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്’ എന്ന പേരിലേക്ക് മാറാമെന്ന തീരുമാനത്തിലെത്തി. കൂടുതൽ ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിച്ച് നിലവിലെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ അന്വേഷണ സംവിധാനവും ശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പേരുമാറ്റവും നടപ്പാക്കുന്നത്.
