ന്യൂഡല്‍ഹി: 2019ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടതായി ഇന്ത്യ ആരോപിച്ചിരുന്ന ഭീകരസംഘ പ്രവര്ത്തകന് ഹംസ ബുര്‍ഹാന്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വ്യാഴാഴ്ച അജ്ഞാതരുടെ വെടിവെപ്പിലാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഹംസ ബുര്‍ഹാന്‍ നിരോധിത സംഘടനയായ അല്‍-ബദറുമായി ബന്ധമുള്ള വ്യക്തിയാണെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. 2022ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇയാളെ ഔദ്യോഗികമായി ഭീകരനായി പ്രഖ്യാപിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മുസാഫറാബാദില്‍ വെച്ച് നടന്ന ആക്രമണത്തില്‍ ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റതിനെ തുടര്‍ന്നാണ് ഹംസ ബുര്‍ഹാന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ ഉത്തരവാദിത്ത ഏറ്റെടുപ്പോ ഉണ്ടായിട്ടില്ല.
പുല്‍വാമ ജില്ലയിലെ സ്വദേശിയായ ഹംസ ബുര്‍ഹാന്‍ പഠനാവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനിലേക്ക് പോയ ശേഷം ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. പിന്നീട് അല്‍-ബദര്‍ ശൃംഖലയിലെ പ്രധാന പ്രവര്‍ത്തകരിലൊരാളായി മാറിയതായും സുരക്ഷാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
2019 ഫെബ്രുവരി 14ന് ജമ്മു–കശ്മീരിലെ ലെത്പോറയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ആ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും ഹംസ ബുര്‍ഹാന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

