തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണെന്നും അദ്ദേഹത്തെ ‘തട്ടിപ്പുകാരൻ’ എന്ന് വിളിക്കാൻ മടിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിമർശനത്തിന് മറുപടിയായാണ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവന വായിച്ചാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളുടെ വസ്തുത മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലാണ് സതീശന്റെ വിമർശനത്തിന് മറുപടി നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം നുണകളിലും അധിക്ഷേപങ്ങളിലും വിഭജനത്തിലും അധിഷ്ഠിതമാണെന്നും രാജ്യത്തെയും സ്ഥാപനങ്ങളെയും തകർക്കുന്ന പ്രചാരണമാണ് നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപവും സർക്കാരിനും ബിജെപിക്കുമെതിരായ വ്യാജപ്രചാരണവും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുപിഎ കാലത്തെ അഴിമതിയും ദുർഭരണവും ആവർത്തിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ദേശദ്രോഹികൾ എന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ പരാമർശമാണ് അപലപിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന വായിച്ചാൽ രാഹുൽ ഗാന്ധിയുടെ വാദങ്ങളിലെ വൈരുധ്യം വ്യക്തമാകുമെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. രാഷ്ട്രീയത്തിൽ ബഹുമാനം പ്രവർത്തനത്തിലൂടെയും സേവനത്തിലൂടെയും നേടിയെടുക്കേണ്ടതാണെന്നും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ അതുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
