Home Top Storiesറോജി എം ജോണിന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും വിവാദത്തിൽ; യൂത്ത് കോൺഗ്രസ് കെപിസിസിക്ക് പരാതി

റോജി എം ജോണിന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും വിവാദത്തിൽ; യൂത്ത് കോൺഗ്രസ് കെപിസിസിക്ക് പരാതി

by news_desk1
0 comments

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് കെപിസിസിക്ക് പരാതി നൽകിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഷൈജു യുഡിഎഫിനെതിരെ പ്രവർത്തിച്ചുവെന്നും വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അഫ്‌സൽ പ്ലാമൂട്ടിൽ ആവശ്യപ്പെട്ടു.

പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിവിധ നിയമന വിവാദങ്ങൾ ഉയർന്നിരുന്നു. സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും വിവാദത്തിന് വഴിവെച്ചിരുന്നു. വിമർശനങ്ങൾ ശക്തമായതോടെ ബെന്നി തോമസ് സ്ഥാനമൊഴിഞ്ഞു. തന്റെ പേരിൽ സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറലേൽക്കരുതെന്നായിരുന്നു രാജിക്കിടെ അദ്ദേഹം പ്രതികരിച്ചത്.

അതേസമയം, ബെന്നി തോമസ് സത്യസന്ധനായ പൊതുപ്രവർത്തകനാണെന്നും സഹോദരീ ഭർത്താവ് എന്ന ബന്ധമല്ല നിയമനത്തിനുള്ള മാനദണ്ഡമെന്നും സണ്ണി ജോസഫ് വിശദീകരിച്ചിരുന്നു.

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതും വിവാദമായിരുന്നു. തുടർന്ന് കെ ബി പ്രദീപിനോട് സ്ഥാനം ഒഴിയാൻ മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

You may also like