Home Nationalനീറ്റ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർത്ഥി ആത്മഹത്യ; 650 മാർക്ക് പ്രതീക്ഷിച്ചിരുന്നുവെന്ന് കുടുംബം

നീറ്റ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർത്ഥി ആത്മഹത്യ; 650 മാർക്ക് പ്രതീക്ഷിച്ചിരുന്നുവെന്ന് കുടുംബം

by news_desk1
0 comments

ജയ്പൂര്‍: രാജസ്ഥാനില്‍ നീറ്റ് പരീക്ഷാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജുന്‍ജുനു ജില്ലയിലെ ഗുധ ഗോഡ്ജി സ്വദേശിയായ പ്രദീപ് മേഘ്‍വാള്‍ (22) ആണ് മരിച്ചത്. നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് യുവാവ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി പ്രദീപ് പരിശീലനം നടത്തി വരികയായിരുന്നു. സിക്കാറിലെ പിപ്രാലി റോഡില്‍ വാടകവീട്ടില്‍ താമസിച്ച് കോച്ചിങ് സെന്ററില്‍ പഠനം തുടരുകയായിരുന്നു. ഇത്തവണത്തെ പരീക്ഷയില്‍ 650ല്‍ അധികം മാര്‍ക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രദീപും കുടുംബവും.

പരീക്ഷ റദ്ദാക്കിയതോടെ യുവാവ് വിഷാദത്തിലായിരുന്നുവെന്ന് പിതാവ് രാജേഷ് കുമാര്‍ പറഞ്ഞു. മെഡിക്കല്‍ പ്രവേശനം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് കുടുംബം കഴിഞ്ഞിരുന്നത്. മകന്റെ പഠനത്തിനായി ഏകദേശം 11 ലക്ഷം രൂപ ചെലവഴിച്ചെന്നും വീട് നിര്‍മാണം പോലും മാറ്റിവെച്ചാണ് പഠിപ്പിച്ചതെന്നും പിതാവ് പറഞ്ഞു.

വെള്ളിയാഴ്ച വീട്ടിലെ മുറിയില്‍ പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂത്ത സഹോദരിയാണ് ആദ്യം കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സംഭവത്തില്‍ ഉദ്യോഗ് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്തു.

You may also like