Home Editorialഎബോളയുടെ നിഴലിൽ വീണ്ടും ലോകം ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധം

എബോളയുടെ നിഴലിൽ വീണ്ടും ലോകം ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധം

by news_desk1
0 comments

കോവിഡ് മഹാമാരിയുടെ ഭീതിയിൽ നിന്ന് ലോകം പൂർണമായി മുക്തി നേടിയെന്നു കരുതുമ്പോഴാണ് വീണ്ടും മനുഷ്യരാശിയെ ആശങ്കയുടെ നിഴലിലാഴ്ത്തി എബോള വൈറസ് വ്യാപനത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 600-ൽ അധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും 139 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തെ ഗൗരവമായ ജാഗ്രതയിലേക്ക് നയിച്ചിരിക്കുകയാണ്. എബോള വൈറസിന്റെ അപൂർവ്വ വകഭേദമായ ‘ബുണ്ടിബുഗ്യോ’ (Bundibugyo) ഇനമാണ് ഇപ്പോൾ വ്യാപകമായി പടരുന്നതെന്നത് ആരോഗ്യവിദഗ്ധരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
കോവിഡ് കാലം മനുഷ്യരാശിക്ക് നൽകിയ ഏറ്റവും വലിയ പാഠം ആരോഗ്യ സുരക്ഷയുടെ അനിവാര്യതയായിരുന്നു. അതുകൊണ്ടുതന്നെ പുതിയൊരു വൈറസ് ഭീഷണിയെ ലഘുവായി കാണാൻ ലോകത്തിനാവില്ല.

രോഗലക്ഷണങ്ങൾ വ്യക്തമായി തിരിച്ചറിയുന്നതിന് മുൻപേ തന്നെ വ്യാപനം ശക്തമായത് ആശങ്കയുടെ തോത് കൂട്ടുകയാണ്. രോഗബാധ സ്ഥിരീകരിക്കപ്പെട്ട ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ മേഖലകളിൽ അടിയന്തര ജാഗ്രത പ്രഖ്യാപിച്ചതും അതുകൊണ്ടുതന്നെ.
എബോള ഇപ്പോൾ ആഗോള മഹാമാരിയായി മാറിയിട്ടില്ലെന്ന വിലയിരുത്തൽ ആരോഗ്യവിദഗ്ധർ നടത്തുന്നുണ്ടെങ്കിലും അതിനെ ആശ്വാസവാർത്തയായി മാത്രം കാണാൻ കഴിയില്ല. രോഗത്തിന്റെ ഇൻക്യൂബേഷൻ കാലയളവ് രണ്ടുമുതൽ 21 ദിവസം വരെയാണെന്നതും, ഈ സമയത്ത് രോഗവ്യാപന സാധ്യത നിലനിൽക്കുന്നതും സാഹചര്യം സങ്കീർണമാക്കുന്നു. പനി, ക്ഷീണം, തലവേദന, പേശിവേദന, ഛർദി, വയറിളക്കം, രക്തസ്രാവം എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവിഭാഗത്തെ സമീപിക്കണമെന്ന നിർദ്ദേശം അതീവപ്രധാനമാണ്.


ഇന്ത്യയിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്ന മുൻകരുതൽ നടപടികൾ അഭിനന്ദനാർഹമാണ്. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സംസ്ഥാനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശം നൽകുകയും ചെയ്തിരിക്കുന്നത് കോവിഡ് കാലത്തെ അനുഭവങ്ങളിൽ നിന്നുള്ള പഠനത്തിന്റെ ഭാഗമാണ്. കേരളവും അതിവേഗം പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രത്യേക നിരീക്ഷണം, വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള പരിശോധന, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം എന്നിവ ജനസുരക്ഷയെ മുൻനിർത്തിയുള്ള നടപടികളാണ്.


എന്നാൽ സർക്കാരുകളുടെ ജാഗ്രത മാത്രം മതിയാകില്ല. സാമൂഹിക ഉത്തരവാദിത്വവും വ്യക്തിപരമായ കരുതലും ഒരുപോലെ ആവശ്യമാണ്. കോവിഡ് കാലത്ത് കണ്ടതുപോലെ അഭ്യൂഹങ്ങളും വ്യാജപ്രചാരണങ്ങളും സമൂഹത്തിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കരുത്. രോഗത്തെക്കാൾ അപകടകാരിയാണ് തെറ്റായ വിവരങ്ങൾ. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും നിരീക്ഷണത്തിൽ പോകുന്നവർ ക്വാറന്റൈൻ പൂർണമായി പാലിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഇത്തരം വൈറസ് ഭീഷണികൾ ഇനി മനുഷ്യരാശിയുടെ പുതിയ യാഥാർത്ഥ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള അമിത ഇടപെടൽ എന്നിവ പുതിയ രോഗങ്ങൾക്കും വൈറസ് വ്യാപനങ്ങൾക്കും വഴിയൊരുക്കുന്നുവെന്ന മുന്നറിയിപ്പുകൾ ലോകാരോഗ്യ സംഘടന പലതവണ നൽകിയിട്ടുണ്ട്. അതിനാൽ രോഗം വന്നാൽ ചികിത്സിക്കുക എന്നതിലുപരി, രോഗപ്രതിരോധം ശക്തിപ്പെടുത്തുന്ന ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയാണ് ലോക രാജ്യങ്ങളുടെ പ്രധാന ദൗത്യം.


കണ്ണാൽ പോലും കാണാനാകാത്ത ഒരു വൈറസിന് മുന്നിൽ ലോകത്തെ മഹാശക്തികൾ പോലും പകച്ചുനിന്ന ദിനങ്ങൾ മനുഷ്യരാശി മറന്നിട്ടില്ല. എന്നാൽ അതേ ലോകം തന്നെ ആത്മവിശ്വാസത്തോടെയും ശാസ്ത്രീയ ബോധത്തോടെയും കോവിഡ് പ്രതിസന്ധിയെ മറികടന്നതും ചരിത്രമാണ്. ആ അനുഭവങ്ങളുടെ കരുത്തിലാണ് ഇന്ന് എബോള ഉൾപ്പെടെയുള്ള പുതിയ ആരോഗ്യ വെല്ലുവിളികളെയും ലോകം നേരിടേണ്ടത്. ജാഗ്രതയും ശാസ്ത്രീയ സമീപനവും മനുഷ്യസ്നേഹവും ഒരുമിച്ചാൽ ഏത് മഹാമാരിയെയും അതിജീവിക്കാനാകുമെന്ന് ലോകം വീണ്ടും തെളിയിക്കേണ്ട സമയമാണിത്.

You may also like