Home Editorialസൗജന്യയാത്ര: പ്രഖ്യാപനത്തിന്റെ ആഘോഷവും യാഥാർഥ്യത്തിന്റെ ചോദ്യങ്ങളും

സൗജന്യയാത്ര: പ്രഖ്യാപനത്തിന്റെ ആഘോഷവും യാഥാർഥ്യത്തിന്റെ ചോദ്യങ്ങളും

by news_desk1
0 comments

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നോട്ടുവച്ച ഏറ്റവും ജനകീയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര. ‘ഇന്ദിരാ ഗ്യാരണ്ടി’ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെയും സാമൂഹിക നീതിയുടെയും പ്രതീകമായി അവതരിപ്പിച്ച ഈ വാഗ്ദാനം അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്തുന്ന പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ, തിരഞ്ഞെടുപ്പ് വേദികളിൽ അവതരിപ്പിച്ച സ്വപ്നവും ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിയും തമ്മിൽ വലിയ അന്തരമുണ്ടെന്നത് വ്യക്തമായി.


സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ഓർഡിനറി ബസുകളിൽ മാത്രമാണ്. സംസ്ഥാനത്ത് നിലവിലുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ആകെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, ഓർഡിനറി സർവീസുകൾ ആയിരത്തിൽ താഴെ മാത്രമാണ്. സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, അന്തർജില്ലാ സർവീസുകൾ എന്നിവ ഒഴിവാക്കിയാൽ യഥാർത്ഥത്തിൽ പദ്ധതിയുടെ പരിധിയിൽ വരുന്ന ബസുകളുടെ എണ്ണം വീണ്ടും കുറയും. അതായത്, കെ.എസ്.ആർ.ടി.സി ശൃംഖലയുടെ ചെറിയൊരു വിഭാഗം മാത്രമാണ് ഈ പദ്ധതിയുടെ ഭാഗമാകുന്നത്. തോടെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്: സൗജന്യയാത്ര യഥാർഥത്തിൽ കേരളത്തിലെ ഭൂരിഭാഗം സ്ത്രീകൾക്കും ലഭ്യമാകുമോ? എന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കേന്ദ്രീകരിച്ചാണ് ഓർഡിനറി ബസുകളുടെ വലിയൊരു വിഭാഗം സർവീസ് നടത്തുന്നത്. വടക്കൻ ജില്ലകളിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. പല ജില്ലകളിലും 200ൽ താഴെ ഓർഡിനറി സർവീസുകൾ മാത്രമാണുള്ളത്. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സ്വിഫ്റ്റ്, അന്തർജില്ലാ സർവീസുകൾ എന്നിവയാണ് സാധാരണ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ അവയെല്ലാം പദ്ധതിക്ക് പുറത്താണ്. ഇത് പദ്ധതിയുടെ സാമൂഹിക ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു. തിരഞ്ഞെടുപ്പ് കാലത്ത് അവതരിപ്പിച്ച ആശയം സർവസാധാരണ സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരുന്നു. എന്നാൽ ഇപ്പോൾ നടപ്പാക്കുന്നത് പരിമിതമായ ഒരു വിഭാഗത്തിന് മാത്രം ലഭിക്കുന്ന ആനുകൂല്യമായി ചുരുങ്ങുകയാണ്. ഇവിടെ മറ്റൊരു പ്രധാന വസ്തുത കേരളത്തിന്റെ സാമ്പത്തികാവസ്ഥയാണ്. കടബാധ്യതയും വരുമാനക്ഷാമവും സാമ്പത്തിക നിയന്ത്രണങ്ങളും കാരണം സംസ്ഥാനം ഇതിനകം കടുത്ത ധനപ്രതിസന്ധിയിലാണ്. ശമ്പളവും പെൻഷനും പോലും സമയബന്ധിതമായി നൽകാൻ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. വികസന പദ്ധതികൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിലും സർക്കാർ പ്രയാസം നേരിടുന്നു.


അത്തരമൊരു സാഹചര്യത്തിലാണ് സൗജന്യയാത്ര പദ്ധതിമൂലം പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നത്. ഇതിനുപുറമെ, കെ.എസ്.ആർ.ടി.സിക്ക് ശമ്പളവും പെൻഷനും മറ്റ് സഹായങ്ങളും നൽകുന്നതിനായി വർഷംതോറും ആയിരക്കണക്കിന് കോടി രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങളിലൊന്നാണ് കെ.എസ്.ആർ.ടി.സി. പതിറ്റാണ്ടുകളായി നഷ്ടത്തിലാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ കടബാധ്യത, ഉയരുന്ന ഇന്ധനച്ചെലവ്, സ്പെയർ പാർട്സ് വിലവർധന, ജീവനക്കാരുടെ ശമ്പളബാധ്യത, പെൻഷൻ ചെലവ് എന്നിവ ഇതിനകം തന്നെ സ്ഥാപനത്തെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അത്തരം സാഹചര്യത്തിൽ സമഗ്രമായ സാമ്പത്തിക പഠനമോ ദീർഘകാല പ്രവർത്തന പദ്ധതിയോ ഇല്ലാതെ പുതിയ സൗജന്യപദ്ധതി പ്രഖ്യാപിക്കുന്നത് ജനപ്രിയത ലക്ഷ്യമിട്ട രാഷ്ട്രീയ തീരുമാനമായി മാത്രം വിലയിരുത്തപ്പെടാൻ സാധ്യതയുണ്ട്.


ഇതിന്റെ മറ്റൊരു ഇരയാണ് സ്വകാര്യ ബസ് മേഖലയാകാൻ സാധ്യത. കേരളത്തിലെ പൊതുഗതാഗതത്തിന്റെ വലിയൊരു പങ്കും ഇപ്പോഴും സ്വകാര്യ ബസുകളാണ് നിർവഹിക്കുന്നത്. ഇന്ധനവില വർധനയും തൊഴിലാളി ചെലവും യാത്രക്കാരുടെ കുറവും കാരണം നിരവധി സ്വകാര്യ ബസുകൾ ഇതിനകം സർവീസ് നിർത്തിയിട്ടുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ സർക്കാർ സബ്സിഡിയുള്ള സൗജന്യപദ്ധതി കൊണ്ടുവരുമ്പോൾ സ്വകാര്യ ബസ് മേഖലയെ കൂടി ഉൾപ്പെടുത്തി സമഗ്രമായ ഗതാഗത നയം രൂപീകരിക്കേണ്ടതായിരുന്നു.


സ്വകാര്യ ബസ് ഉടമകൾ തുടക്കത്തിൽ തന്നെ പദ്ധതിയുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ധരും ഗതാഗത മേഖലയിലെ സംഘടനകളും സമഗ്രമായ പഠനം ആവശ്യപ്പെട്ടിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷമേ തീരുമാനം ഉണ്ടാകൂ എന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഇപ്പോൾ പ്രഖ്യാപനം നടപ്പാക്കുന്നതിലെ തിടുക്കം ആ ഉറപ്പുകൾക്ക് വിരുദ്ധമായാണ് തോന്നുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന ആശയത്തെ എതിർക്കാനാവില്ല. സാമൂഹിക നീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായി അത് അഭിനന്ദനാർഹമായ ലക്ഷ്യമാണ്. പക്ഷേ, ഒരു നല്ല ആശയം വിജയകരമാകണമെങ്കിൽ അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങരുത്; പ്രായോഗികതയും സാമ്പത്തിക സുസ്ഥിരതയും സമഗ്രതയും ഉറപ്പാക്കണം. ഇന്ന് നടപ്പാക്കുന്ന മാതൃകയിൽ പദ്ധതി തുടർന്നാൽ അത് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകൾക്ക് യഥാർത്ഥ ഗുണം നൽകുമോയെന്നത് സംശയമാണ്. അതേസമയം കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാനും സാധ്യതയുണ്ട്. അതിനാൽ സർക്കാർ ഈ പദ്ധതിയെ രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ വിജയമായി മാത്രം കാണാതെ, യാഥാർഥ്യബോധത്തോടെ പുനഃപരിശോധിക്കേണ്ട സമയമാണിത്. സ്ത്രീകൾക്ക് യഥാർത്ഥ പ്രയോജനം ലഭിക്കുന്ന തരത്തിൽ പദ്ധതി വിപുലീകരിക്കുന്നതോടൊപ്പം കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക സുരക്ഷയും സ്വകാര്യ ബസ് മേഖലയുടെയും നിലനിൽപ്പും ഉറപ്പാക്കുന്ന സമഗ്ര ഗതാഗത നയമാണ് കേരളത്തിന് ഇന്ന് ആവശ്യം.–

You may also like