ടെഹ്റാൻ: അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ശക്തമാകുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ അമേരിക്ക നീക്കം ആരംഭിച്ചതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്.
ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്. ഹോർമുസ് വഴി കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക 15 യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെ നിരവധി ഡെസ്ട്രോയർ കപ്പലുകളും ആംഫിബിയസ് റെഡി ഗ്രൂപ്പും മേഖലയിലെത്തിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നിർദേശപ്രകാരം സൈനിക വിന്യാസം ശക്തമാക്കിയതായാണ് റിപ്പോർട്ട്. ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുവെന്ന സൂചനകളുണ്ട്.
അതേസമയം, യുദ്ധത്തിന് ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിലെ അമേരിക്കൻ സഖ്യരാജ്യങ്ങളിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കാമെന്നാണ് ഇറാന്റെ ഭീഷണി. UAE ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിഷയത്തിൽ മധ്യസ്ഥത തേടുമ്പോൾ ഖത്തർ വിട്ടുവീഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, മേഖലയിലെ അഞ്ച് രാജ്യങ്ങളോട് ഇറാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ, ജോർദാൻ എന്നീ രാജ്യങ്ങൾ അന്താരാഷ്ട്ര ബാധ്യതകൾ ലംഘിച്ചുവെന്നാരോപിച്ച് യുദ്ധനാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള എണ്ണവിതരണത്തെയും സാമ്പത്തിക വ്യവസ്ഥകളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്.

