വയനാട്: കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. പിന്നീട് കാണാതായിരുന്ന 32 പേരെയും സർക്കാർ മരിച്ചതായി പ്രഖ്യാപിച്ചതോടെ ആകെ മരണസംഖ്യ 330 ആയി. ദുരന്തത്തിന്റെ മുറിവുകൾ ഇന്നും അതിജീവിതരുടെയും ബന്ധുക്കളുടെയും മനസ്സിൽ മായാതെ തുടരുകയാണ്.
ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടക്കും.
മണ്ണും മലവെള്ളവും പാറക്കെട്ടുകളും ചേർന്ന് മൂന്ന് ഗ്രാമങ്ങളെ വിഴുങ്ങിയ ആ ദുരന്തരാത്രിക്ക് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങിയ ഉരുൾ മുണ്ടക്കൈയിലും ചൂരൽമലയിലും ആഞ്ഞടിച്ച് നൂറുകണക്കിന് ജീവനുകളും അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങളും കവർന്നെടുത്തു.
ദുരന്തത്തിന് ശേഷം പുഞ്ചിരിമട്ടവും മുണ്ടക്കൈയും ഇന്നും നിശ്ശബ്ദമാണ്. പഴയ ഗ്രാമങ്ങളുടെ അടയാളങ്ങൾ മിക്കവയും ഇല്ലാതായി. ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് ദുരന്തത്തിന്റെ ഓർമകൾ പേറുന്നത്. ഒരു രാത്രികൊണ്ട് വീടും വിലാസവും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ വേദന ഇന്നും ഈ പ്രദേശത്തെ വേട്ടയാടുന്നു.
ചൂരൽമലയിൽ സ്ഥിരതാമസക്കാരുടെ ജീവിതം പൂർണമായും സാധാരണ നിലയിലായിട്ടില്ല. അതേസമയം വിനോദസഞ്ചാരികളുടെ വരവ് വർധിച്ചതോടെ പ്രദേശം അതിജീവനത്തിന്റെ പുതിയ വഴികളിലേക്ക് പതുക്കെ മുന്നേറുകയാണ്.

