Home Editorialശബരിമല സ്വർണക്കൊള്ള: സത്യം പുറത്തുവരണം

ശബരിമല സ്വർണക്കൊള്ള: സത്യം പുറത്തുവരണം

by news_desk1
0 comments

ആദ്യം വെറുമൊരു മോഷണം ആണെന്ന് കരുതി പിന്നീട് അതിൻ്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച്  ദിവസങ്ങൾക്കുള്ളിൽ തന്നെ നാടും നഗരവും ലോകവും ഞെട്ടുന്ന തരത്തിൽ വെളിപ്പെടുത്തലുകൾ കണ്ടെത്തലുകൾ ഒന്നിൽ പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. ശബരിമല വിശ്വാസത്തിന്റെ കേന്ദ്രമാണ്. അവിടേക്ക് ഒഴുകിയെത്തുന്നത് ഭക്തരുടെ നേർച്ചയും ആത്മവിശ്വാസവുമാണ്. ആ വിശ്വാസത്തെ ബാധിക്കുന്ന സ്വർണക്കൊള്ള ആരോപണങ്ങൾ നിസ്സാരമായി കാണാനാവില്ല. സകലയിടങ്ങളിലും ഭക്തർ ഉള്ള ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്ത് മതനിരപേക്ഷതയുടെയും സാംസ്കാരികതയുടെയും മഹാഗോപുരം ആയി നിലകൊള്ളുന്ന ശബരിമല ക്ഷേത്രത്തെ ഒരു കൊള്ളസംഘം ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് വ്യക്തവും ആധികാരികവുമായ തെളിവുകളും മൊഴികളുടെയും അടിസ്ഥാനത്തിൽ ജനങ്ങൾക്കും നീതിന്യായ സംവിധാനങ്ങൾക്കും ബോധ്യപ്പെട്ടു.

ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തുടങ്ങി ഇന്ന് ഇപ്പോൾ തന്ത്രിയിൽനിന്ന് 2017 കാലഘട്ടത്തിലെ പ്രയാർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകിയ അവസാന യുഡിഎഫ് മന്ത്രിസഭയുടെ കാലത്തെ ഭരണസമിതിയിലെ  അതിലെ അംഗങ്ങളായ അജയ് തറയിൽ  ഉൾപ്പെടെയുള്ളവരിലേക്ക് ശബരിമല ക്ഷേത്രത്തിലെ വാഞ്ചി വാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ടിട്ടുള്ള സംശയങ്ങളുടെ മുന നീളുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൃത്യമായ ആചാര അനുഷ്ഠാനങ്ങൾ ആയി ദൈനംദിന പ്രവർത്തനങ്ങൾ നടന്നു പോകുന്ന ക്ഷേത്രത്തെ ചുറ്റിപ്പറ്റി പലതരത്തിലുള്ള ഗൂഢാലോചനകൾ നേരിട്ടും അല്ലാതെയും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്ന് മുതൽ വ്യക്തമാണ്.ആ മഞ്ഞുമലയുടെ ഒരറ്റമാത്രമാണ് സ്വർണ്ണ കൊള്ള കേസിലൂടെ പുറത്തുവന്നിരിക്കുന്നത്.ഇവിടെ വിശ്വാസ സമൂഹത്തെ ചൂഷണത്തിന് വിധേയമായിരിക്കുന്നു. ശബരിമല ക്ഷേത്രത്തെ സമ്പത്തിനോടുള്ള ആർത്തികൊണ്ട് ദുരുപയോഗം ചെയ്തു. ഇരിക്കുന്ന സ്ഥാനത്തിന്റെ ചെയ്യാനിരിക്കുന്ന ചുമതലകളുടെ മഹത്വവും വലിപ്പവും തിരിച്ചറിയാതെ ഒരുപറ്റം ആളുകൾ വലിയൊരു സാമൂഹ്യദ്രോഹമാണ് ചെയ്തിരിക്കുന്നത്.  ദൈവത്തെ പോലും വെറുതെ വിട്ടിട്ടില്ല എന്ന് സുപ്രീംകോടതിയും പ്രതിയാക്കിയത് മുതൽ ആശുപത്രിയിൽ തുടരുകയാണെന്ന് ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചാൽ ഒടുവിൽ കഴിഞ്ഞദിവസം ദേവസ്വം ബോർഡ് മെമ്പർ കെ പി ശങ്കർദാസ് കൂടി അറസ്റ്റിലായതോടെ  തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഒരു കാലഘട്ടത്തിലെ ഭരണസമിതി മുഴുവനും ഇരുമ്പഴിക്കുള്ളിലായിരിക്കുകയാണ്.

ഇതെവിടെ ചെന്ന് അവസാനിക്കും എന്നുള്ള സംശയമാണ് ഇനി ബാക്കി ഇനിയും ദൈവതുല്യരായവർ അറസ്റ്റിലാവാൻ ഉണ്ടോ. എന്ന ചോദ്യം വളരെയേറെ പ്രസക്തമാണ്. സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തുവരണം. ഇത് രാഷ്ട്രീയ തർക്കവിഷയമല്ല; പൊതു വിശ്വാസത്തിന്റെ ഉത്തരവാദിത്തമാണ്. അതിനാൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്. സത്യം എന്താണെങ്കിലും അത് പൊതുസമൂഹത്തിന് മുന്നിൽ തുറന്നുവെക്കണം. നാടിന്റെയും ജനങ്ങളുടെയും വിശ്വാസങ്ങളെയും വികാരത്തെയും വ്രണപ്പെടുത്തിക്കൊണ്ട് ശബരിമല ക്ഷേത്രത്തിൻറെ പരിശുദ്ധിയെയും പാരമ്പര്യത്തെയും ക്ഷേത്രം തന്നെ പ്രതിധാനം ചെയ്യുന്ന മൂല്യങ്ങളെയും കളങ്കപ്പെടുത്തിയത് ആര് തന്നെയായാലും അവർ ശിക്ഷിക്കപ്പെടണം. അപ്പോഴും സത്യം സത്യമായിരിക്കണം. രാഷ്ട്രീയപരമായ ഇടപെടലുകൾ ജുഡീഷ്യറിയിൽ പോലും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഉദാഹരണങ്ങൾ  സുപ്രീംകോടതിയിൽ വരെ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ.കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം എല്ലാ രീതിയിലും  കുറ്റമറ്റതായിരിക്കണം. ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കപ്പെടേണ്ടത് മൗനത്തിലൂടെയല്ല, സത്യത്തിന്റെ വെളിച്ചത്തിലൂടെയാണ്.
സ്വർണക്കൊള്ള സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി ലഭിക്കണം

You may also like