Home Internationalഇറാന്റെ യുറേനിയം ഏറ്റെടുക്കാമെന്ന റഷ്യൻ നിർദേശം അമേരിക്ക തള്ളി; പശ്ചിമേഷ്യയിൽ ആശങ്ക തുടരുന്നു

ഇറാന്റെ യുറേനിയം ഏറ്റെടുക്കാമെന്ന റഷ്യൻ നിർദേശം അമേരിക്ക തള്ളി; പശ്ചിമേഷ്യയിൽ ആശങ്ക തുടരുന്നു

by news_desk
0 comments

മോസ്കോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവൻ സ്വന്തം രാജ്യത്തേക്ക് മാറ്റാമെന്ന റഷ്യയുടെ നിർദേശം അമേരിക്ക തള്ളി. റഷ്യൻ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ കൈവശം വെച്ചിരിക്കുന്ന യുറേനിയം റഷ്യയിലേക്ക് മാറ്റുന്നത് നിലവിലെ പ്രതിസന്ധിക്ക് മികച്ച പരിഹാരമാകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയിരുന്നു. ഇത്തരത്തിൽ ഏറ്റെടുക്കുന്ന യുറേനിയം സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ഇന്ധനമാക്കി മാറ്റാമെന്നായിരുന്നു റഷ്യയുടെ വാഗ്ദാനം.

ഇറാൻ ആണവായുധം നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന ആരോപണമുന്നയിച്ച് അമേരിക്ക ഇറാനെതിരെ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് റഷ്യയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായത്. നേരത്തെ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് റഷ്യ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. ആണവ നിർവ്യാപന കരാർ മുൻനിർത്തി യുറേനിയം ഊർജ്ജനിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കാമെന്നാണ് ഇറാന്റെ നിലപാടെങ്കിലും അമേരിക്ക ഇത് അംഗീകരിച്ചിട്ടില്ല.

നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടതോടെ മേഖലയിലെ അനിശ്ചിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം റഷ്യൻ മണ്ണിൽ സ്വീകരിക്കാൻ തയ്യാറായിരുന്നുവെന്നും അത് നല്ലൊരു തീരുമാനമാകുമായിരുന്നുവെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു. എന്നാൽ അമേരിക്കയുടെ വിയോജിപ്പോടെ ഈ നീക്കം വഴിമുട്ടി. ഇതിനിടെ, തങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

You may also like