അജ്മീർ: ലോകപ്രശസ്തമായ അജ്മീർ ഷെരീഫ് ദർഗയിലെ പ്രസാദ പാത്രത്തിലേക്ക് ചാടിയ യുവാവിനെ ജീവനക്കാരും വിശ്വാസികളും ചേർന്ന് മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തെ ചുറ്റിപ്പറ്റി വലിയ ചർച്ചകളും വിമർശനങ്ങളും ഉയരുന്നുണ്ട്.
ദർഗയിൽ വിശ്വാസികൾക്ക് ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന വലിയ പാത്രമായ ‘ബഡി ദേഗ്’ലേക്കാണ് യുവാവ് അപ്രതീക്ഷിതമായി ചാടിയത്. ഭക്ഷണം വിതരണം ചെയ്ത ശേഷം ഭക്തർ പണവും ആഭരണങ്ങളും നേർച്ചയായി നിക്ഷേപിക്കുന്ന പതിവുണ്ട്. അവ എടുക്കാനായാണ് യുവാവ് പാത്രത്തിലേക്ക് ഇറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ ദർഗ ജീവനക്കാർ പാത്രത്തിനുള്ളിലേക്ക് ഇറങ്ങി യുവാവിനെ മർദ്ദിക്കുന്നതും പിന്നീട് പുറത്തേക്ക് വലിച്ചെടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പുറത്തേക്ക് കൊണ്ടുവന്ന ശേഷവും നിരവധി പേർ ചേർന്ന് യുവാവിനെ മർദ്ദിച്ചതായും വീഡിയോയിൽ വ്യക്തമാണ്.
പ്രതിദിനം ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന അജ്മീർ ദർഗയിൽ ഏകദേശം 4,800 കിലോ ഭക്ഷണമാണ് ദിവസവും തയ്യാറാക്കുന്നത്. അതിനായി ഉപയോഗിക്കുന്ന വലിയ പാത്രത്തെയാണ് ‘ബഡി ദേഗ്’ എന്ന് വിളിക്കുന്നത്.
സംഭവത്തിൽ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം, ആരാധനാലയങ്ങളിലെ അക്രമസംഭവങ്ങളും ജനക്കൂട്ടത്തിന്റെ പ്രതികരണ രീതിയും സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി തുടരുകയാണ്.

