ദില്ലി: ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഫൈൻഡ് എക്സ്9 അൾട്രയും ഫൈൻഡ് എക്സ്9എസും മെയ് 21ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ക്യാമറ സാങ്കേതികവിദ്യയിൽ പ്രമുഖരായ ഹാസൽബ്ലാഡുമായി ചേർന്നാണ് പുതിയ മോഡലുകൾ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ കളർഒഎസ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടെയാകും ഫോണുകൾ എത്തുക.
ഫൈൻഡ് എക്സ്9 അൾട്രയെ ഓപ്പോയുടെ ഏറ്റവും ശക്തമായ ക്യാമറ ഫോണായാണ് അവതരിപ്പിക്കുന്നത്. 3 എൻഎം സാങ്കേതികവിദ്യയിൽ നിർമ്മിച്ച സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഫോണിന് കരുത്താകുന്നത്. 7050 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും ഫോണിലുണ്ട്.
ഫോട്ടോഗ്രഫി പ്രേമികളെ ലക്ഷ്യമിട്ട് 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 200 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയടങ്ങിയ ക്വാഡ് ക്യാമറ സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 10x ഓപ്റ്റിക്കൽ സൂം പിന്തുണയുള്ള പെരിസ്കോപ്പ് ലെൻസ് ദൂരദൃശ്യങ്ങളും വ്യക്തതയോടെ പകർത്താൻ സഹായിക്കും.
അതേസമയം, ഫൈൻഡ് എക്സ്9എസ് സ്ലിം ഡിസൈനും പ്രീമിയം ഫിനിഷുമായാണ് എത്തുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 9500എസ് ചിപ്സെറ്റാണ് ഫോണിന് കരുത്താകുന്നത്. 7025 എംഎഎച്ച് ബാറ്ററിയോടുകൂടിയ ഈ മോഡലിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്.
ലാവൻഡർ സ്കൈ, മിഡ്നൈറ്റ് ഗ്രേ, സൺസെറ്റ് ഓറഞ്ച് എന്നീ നിറങ്ങളിൽ ഫൈൻഡ് എക്സ്9എസ് ലഭ്യമാകും. ഫൈൻഡ് എക്സ്9 അൾട്ര ബ്ലാക്ക് കളർ ഓപ്ഷനിലായിരിക്കും വിപണിയിലെത്തുക.

