Home Education/Careerനീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്കും, വിദ്യാർത്ഥികളെ ചോദ്യം ചെയ്തേക്കും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്കും, വിദ്യാർത്ഥികളെ ചോദ്യം ചെയ്തേക്കും

by news_desk1
0 comments

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ സിബിഐ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുന്നു. രാജസ്ഥാൻ പൊലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള ചില വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ സിബിഐ ചോദ്യം ചെയ്തേക്കും.

ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണം രാജസ്ഥാൻ പൊലീസിന്റെ പ്രത്യേക സംഘത്തിൽ നിന്ന് സിബിഐ ഏറ്റെടുത്തിരുന്നു. ജയ്പൂരിലെത്തിയ സിബിഐ സംഘം ഇതുവരെ ശേഖരിച്ച അന്വേഷണ രേഖകളും തെളിവുകളും കൈപ്പറ്റി.

‘മാതൃകാ ചോദ്യപേപ്പർ’ എന്ന പേരിൽ പ്രചരിച്ച ചോർത്തിയ ചോദ്യങ്ങൾ ആരൊക്കെ ലഭിച്ചുവെന്ന വിവരങ്ങളാണ് രാജസ്ഥാൻ പൊലീസ് ശേഖരിച്ചത്. 200 വിദ്യാർത്ഥികളുടെയും 75 മാതാപിതാക്കളുടെയും വിവരങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവരിൽ ചിലരെ ഇതിനകം ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്.

സിബിഐക്ക് കൈമാറിയ രേഖകളിൽ കേരളത്തിലെ ചില വിദ്യാർത്ഥികൾക്കും ചോദ്യപേപ്പർ ലഭിച്ചതായി സൂചനയുണ്ടെന്നാണ് വിവരം. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി വഴിയാണ് ചോദ്യപേപ്പർ ആദ്യഘട്ടത്തിൽ സിക്കറിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇയാൾ മുഖേന കേരളത്തിലും ചോദ്യങ്ങൾ പ്രചരിച്ചോയെന്ന കാര്യമാണ് സിബിഐ അന്വേഷിക്കുന്നത്.

അന്വേഷണത്തിനായി സിബിഐ നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഇതിനിടെ ചോദ്യപേപ്പർ ചോർച്ച കേസിൽ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്ത ദിനേഷ് ബിൻവാൾ ബിജെപി നേതാവാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി നേതാക്കൾക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ കോൺഗ്രസ് ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. എന്നാൽ വിഷയത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, പരീക്ഷയിലെ ക്രമക്കേടുകളിൽ സുപ്രീംകോടതി ഇടപെടൽ തേടി ഹർജി സമർപ്പിക്കപ്പെട്ടു. മെഡിക്കൽ സംഘടനയായ എഫ്എഐഎംഎയാണ് ഹർജി നൽകിയത്. എൻടിഎയ്ക്ക് പകരം പുതിയ സംവിധാനം രൂപീകരിക്കണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.

You may also like